Site iconSite icon Janayugom Online

ജനകീയ കലാപ്രസ്ഥാനം എണ്‍പതിലേക്ക്

IPTAIPTA

പ്റ്റ (ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍) എണ്‍പതാം വയസിലേക്ക് പ്രവേശിക്കുകയാണ്. 1943 മേയ് 25ന് ബോംബെയില്‍ മാര്‍വാരി സ്കൂളില്‍ നടന്ന ഒരു സമ്മേളനത്തില്‍ വച്ചാണ് ഇന്ത്യയിലെ ജനകീയ കലാപ്രസ്ഥാനമായ ഇപ്റ്റ രൂപീകരിക്കുന്നത്. ഇപ്റ്റയുടെ പേര് നിര്‍ദേശിച്ചത് രാജ്യം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനായ ഹോമി ജെ ഭാഭയാണ്.
പ്രഥമ സമ്മേളനത്തിന് ആശംസാ സന്ദേശങ്ങളയച്ചവരില്‍ ജവഹര്‍ലാല്‍ നെഹ്രു, രാജേന്ദ്ര പ്രസാദ്, ഡോ. സരോജിനി നായിഡു തുടങ്ങിയ ദേശീയ നേതാക്കള്‍ ഉള്‍പ്പെട്ടിരുന്നു എന്നതില്‍ നിന്നുതന്നെ മനസിലാവും ഈ ജനകീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിവക്ഷകള്‍. ദേശീയ പ്രസ്ഥാനത്തിന് ഇന്ത്യയിലെ ഇടതുപക്ഷം നല്കി­യ ഏറ്റവും വലിയ പിന്‍ബലത്തിന് ഉദാഹരണമാണ് ഇപ്റ്റയുടെയും മുന്‍കൈകള്‍. പത്രപ്രവര്‍ത്തകനും നാടകസംവിധായകനുമായ സോം ബനഗല്‍‍ എഴുതി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ അഫയേഴ്സ് 1967ല്‍ പ്രസിദ്ധപ്പെടുത്തിയ എ പനോരമ ഓഫ് തിയേറ്റര്‍ ഇന്‍ ഇന്ത്യ എന്ന കൃതിയില്‍ (സോം ബനഗല്‍ 2014 ഓഗസ്റ്റ് 22ന് 92-ാം വയസില്‍ നിര്യാതനായി) പറയുന്നത് ‘ഐപിടിഎ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്രിയാത്മകമായ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിച്ചുവോ, അതോ യുദ്ധകാല പരിസ്ഥിതിയിലുണ്ടായ ഫാസിസ്റ്റ് വിരുദ്ധ അന്താരാഷ്ട്ര ചലനങ്ങളുടെ ഭാഗമായിരുന്നുവോ എന്ന് വ്യവച്ഛേദിച്ചു പറയുക സാധ്യമല്ല’ എന്നാണ്. എങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്കാരിക ദൗത്യം സംഘടനയുടെ അടിസ്ഥാനധാരയായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ‘ഞങ്ങളുടെ ചുമതല കളമൊരുക്കലാണ്, വിത്തുകള്‍ വിതയ്ക്കേണ്ട ചുമതല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേതും’ എന്നാണല്ലോ ഐ­പി­ടിഎയുടെ സംഘാടകര്‍ തന്നെ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളത്. ഇപ്റ്റ ഉഴുതുമറിച്ചിട്ട സാംസ്കാരിക ഭൂമികയിലാണ് ഇന്ത്യയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ വിത്ത് വിതയ്ക്കപ്പെട്ടതും അവ മുളച്ചുവന്നതും എന്ന് തീര്‍ച്ച.

 


ഇതുകൂടി വായിക്കൂ:  ഒരു കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ ഓർമ്മയ്ക്ക്


ഔപചാരികമായി 1943 ലാണ് ഇപ്റ്റ നിലവില്‍ വന്നതെങ്കിലും 1936ല്‍ നടന്ന ആദ്യത്തെ പുരോഗമന എഴുത്തുകാരുടെ സമ്മേളനത്തില്‍ തന്നെ ഇങ്ങനെയൊരു കലാപ്രസ്ഥാനം എന്ന ആശയം ഉയര്‍ന്നിരുന്നു. പ്രമുഖ ഹിന്ദി എഴുത്തുകാരനായ പ്രേംചന്ദ് ആയിരുന്നു പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്റെ പ്രഥമ അധ്യക്ഷന്‍. ലഖ്നൗവിലായിരുന്നു ആദ്യ സമ്മേളനം. 1938ല്‍ കല്‍ക്കത്തയില്‍ നടന്ന രണ്ടാമത്തെ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നത് വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോറാണ്.
നാല്പതുകളില്‍ ഇന്ത്യ, ചരിത്രപ്രധാനമായ നിരവധി മാറ്റങ്ങളിലൂടെ കടന്നുപോയ കാലമാണ്. ലോകത്തെ നടുക്കിയ ബംഗാള്‍ ക്ഷാമമുണ്ടായത് അക്കാലത്താണ്. ദേശീയ പ്രസ്ഥാനം രാജ്യത്തുടനീളം ആവേശപൂര്‍വം കത്തിജ്വലിച്ചു നിന്നതും അക്കാലത്ത് തന്നെ. അതിന്റെ തുടര്‍ച്ചയെന്നോണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കലാകാരന്മാരുടെ നിരവധി സംഘങ്ങള്‍ രൂപീകരിക്കപ്പെട്ടു. 1940ല്‍ കല്‍ക്കത്തയില്‍ യൂത്ത് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായി. ബംഗാള്‍ ക്ഷാമകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു കള്‍ച്ചറല്‍ സ്ക്വാഡ് സ്ഥാപിക്കുകയും, ഈ സ്ക്വാഡിന്റെ കീഴില്‍ വിവിധ നഗരങ്ങളില്‍ പാട്ടും നാടകവും മറ്റുമായി കലാപരിപാടികള്‍ സംഘടിപ്പിച്ച് അതില്‍ നിന്നു ലഭിച്ച വരുമാനമുപയോഗിച്ച് ആശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍‍പ്പെട്ടു. ഹരീന്ദ്രനാഥ് ചതോപാധ്യായയുടെ ‘ഭൂക്കാനെ ബംഗളാ‍ (ബംഗാളിന് വിശക്കുന്നു) തുടങ്ങിയ പാട്ടുകളുമായി പാര്‍ട്ടിയുടെ സാംസ്കാരിക സംഘങ്ങള്‍ നാടുനീളെ സഞ്ചരിച്ചു. പ്രശസ്ത ഉര്‍ദു കവിയും നാടകകൃത്തുമായ അലിസര്‍ദാര്‍ ജഫ്രി ‘ഇത് ആരുടെ രക്തമാണ്’ എന്ന നാടകമെഴുതി അവതരിപ്പിച്ചു. വേറെയും നാടകങ്ങള്‍ രാജ്യത്ത് പുതിയ ആവേശരംഗങ്ങള്‍ സൃഷ്ടിച്ചു. ഈ പശ്ചാത്തലത്തിലാണ് 1943 മേയ് മാസത്തില്‍ ബോംബെയില്‍ പ്രോഗ്രസിവ് റൈറ്റേഴ്സ് അസോസിയേഷന്റെ മൂന്നാം സമ്മേളനം നടക്കുന്നത്. അവിടെ നടന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് മേയ് 25ന് ഐപിടിഎ രൂപീകരിക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് നേതാവായ പ്രൊഫ. ഹിരണ്‍ മുഖര്‍ജിയായിരുന്നു യോഗാധ്യക്ഷന്‍. ഹിരണ്‍ മുഖര്‍ജിക്കു പുറമെ എന്‍ എം ജോഷി, അനില്‍ ഡിസില്‍വ, കെ എ അബ്ബാസ് തുടങ്ങിയവരായിരുന്നു ഭാരവാഹികള്‍.


ഇതുകൂടി വായിക്കൂ:  ‘ഭൂഖാ ഹേ ബംഗാൾ!’


ബംഗാള്‍ ക്ഷാമത്തെ ആധാരമാക്കി ഇപ്റ്റ അവതരിപ്പിച്ച ‘നബാന്ന’ ഇന്ത്യയില്‍ ശക്തമായ കോളിളക്കം സൃഷ്ടിച്ച നാടകമാണ്. സജ്ജാദ് സഹീറിന്റെ ‘മരിച്ചവരും ജീവിച്ചിരിക്കുന്നവരും’ കെ എ അബാസിന്റെ (മെകോന്‍ ഹൂം- ആരാണ് ഞാന്‍) ഋത്വിക് ഘട്ടക്-ദോലിന്‍ തുടങ്ങിയവ ഐപിടിഎ അവതരിപ്പിച്ച പ്രഖ്യാത നാടകങ്ങളാണ്. ഐപിടിഎ പ്രസരിപ്പിച്ച സാംസ്കാരികമായ ഊര്‍ജം ഏറ്റുവാങ്ങിയവരാണ് പില്‍ക്കാലത്ത് ഇന്ത്യന്‍ നാടക‑സിനിമാ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കൈഫി ആസ്മി-ശബാനാ ആസ്മി, എ കെ ഹംഗല്‍‍, എ കെ റെയ്‌ന, എം എസ് നാതു, മോഹന്‍ സൈഗാള്‍ തുടങ്ങിയവര്‍. 1945ല്‍ ഐപിടിഎ ഒരു സിനിമയും നിര്‍മ്മിച്ചു. കെ എ അബ്ബാസ് സംവിധാനം ചെയ്ത ‘ധര്‍തി കിലാല്‍’. പണ്ഡിറ്റ് രവിശങ്കറായിരുന്നു സംഗീതം. ഗാനരചന അലിസര്‍ദാര്‍ ജഫ്രിയും പ്രേംധവാനും. നൃത്തസംവിധാനം ശാന്തിവര്‍ധന്‍, ബല്‍രാജ് സാഹ്‌നി, ഉഷാദത്ത്, തൃപ്തിമിത്ര തുടങ്ങിയവരോടൊപ്പം നിരവധി കര്‍ഷകരും വിദ്യാര്‍ത്ഥികളും കൂലിപ്പണിക്കാരും അഭിനയിച്ച ഈ ചിത്രം നിലവിലുളള സിനിമാ സങ്കല്പങ്ങളെ വെല്ലുവിളിച്ച ജനകീയ ചലച്ചിത്രമായിരുന്നു. 1944 ല്‍ പണ്ഡിറ്റ് രവിശങ്കര്‍ സംഗീതം നല്‍കിയ മഹാകവി ഇക്ബാലിന്റെ ‘സാരെ ജഹാംസെ അച്ഛാ’ ഗാനം ഇപ്റ്റയുടെ സംഭാവനയാണ്. ഋത്വിക് ഘട്ടക് ഐപിടിഎയിലൂടെ തുടങ്ങി ഇന്ത്യന്‍ ചലച്ചിത്രവേദിയിലെ അതികായനായി മാറിയ പ്രതിഭയാണ്. മഹാശ്വേതാ ദേവിയുടെ ഭര്‍ത്താവായ ബിജന്‍ ഭട്ടാചാര്യ ഇപ്റ്റയുടെ ആദ്യകാല പ്രവര്‍ത്തകനാണ് (അദ്ദേഹത്തിന്റെ രചനയാണ് പ്രശസ്തമായ നബാന്ന എന്ന ഇപ്റ്റ നാടകം, അദ്ദേഹത്തിന്റെ നാടകങ്ങളെ ആധാരമാക്കിയാണ് ധര്‍തി കെ ലാലിന്റെ തിരക്കഥ). ഇങ്ങനെ ഇന്ത്യന്‍ നാടക-ചലച്ചിത്ര മണ്ഡലങ്ങളില്‍ തിളങ്ങിയ നിരവധി പേര്‍ ഐപിടിഎയെ നെഞ്ചേറ്റിയവരാണ്. അവര്‍ ഹൃദയത്തില്‍ സൂക്ഷിച്ച ഇടതുപക്ഷ പുരോഗമന ആശയങ്ങളാണ് ഇന്ത്യയില്‍, പലേടത്തും ഇടതുപക്ഷത്തിന് രാഷ്ട്രീയായുധങ്ങളായത്. ഭാരത സര്‍ക്കാര്‍ ഇപ്റ്റയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഐപിടിഎയില്‍ നിന്ന് പ്രചോദനങ്ങള്‍ കൊണ്ടാണ് കേരളത്തില്‍ കെപിഎസി എന്ന നാടക പ്രസ്ഥാനം ആരംഭിക്കുന്നത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ഒറ്റ നാടകം കൊണ്ട് തന്നെ കെപിഎസി കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ആധിപത്യം സ്ഥാപിച്ചു. ഒരര്‍ത്ഥത്തില്‍ കേരളത്തിന്റെ മണ്ണു ചുവപ്പിച്ചതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് കെപിഎസി നാടകങ്ങളാണ്. ആ തുടര്‍ച്ച ഇന്നും കെപിഎസി തുടര്‍ന്നു പോരുന്നു. കേരളത്തിലങ്ങോളമിങ്ങോളം ഐപിടിഎ ഘടകങ്ങളും.

Exit mobile version