Site icon Janayugom Online

പോപ്പുലർ ഫ്രണ്ട് നിരോധനം: ട്രിബ്യൂണല്‍ നോട്ടീസ് നൽകി

പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് സാധുവാണോ എന്ന് വിലയിരുത്താൻ ട്രിബ്യൂണൽ രൂപീകരിച്ചു. ഡൽഹി ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മയുടെ നേതൃത്വത്തിലുള്ള ട്രിബ്യൂണൽ മറുപടി നൽകാൻ പോപ്പുലർ ഫ്രണ്ട് അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ് നൽകി. നിരോധനത്തിൽ ആക്ഷേപമുണ്ടെങ്കിൽ 30 ദിവസത്തിനകം ബോധിപ്പിക്കാനാണ് നിർദ്ദേശം. കഴിഞ്ഞ സെപ്റ്റംബര്‍ 23ന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപരമായ അക്രമസംഭവങ്ങളുണ്ടായിരുന്നു. കെഎസ്ആര്‍ടിസി ബസുകളടക്കം പൊതുമുതല്‍ സാര്‍വത്രികമായി നശിപ്പിക്കപ്പെട്ടു. ആറ് കോടിയില്‍പ്പരം രൂപയുടെ നഷ്ടമുണ്ടായതായി കെഎസ്ആര്‍ടിസി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനും പിന്നീട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളും ഓഫീസുകളും എന്‍ ഐ എ റെയ്ഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഹര്‍ത്താലാഹ്വാനം. നിരവധി രേഖകള്‍ പിടിച്ചെടുത്ത എന്‍ഐഎ സംഘടനയുടെ ബുദ്ധികേന്ദ്രമായ നേതാക്കളെയും അറസ്റ്റ് ചെയ്തിരുന്നു. ദേശവിരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയതായി തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് തൊട്ടുപിന്നാലെ സെപ്റ്റംബര്‍ 28ന് കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. അനുകൂല സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെ‍ഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എം പവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ആന്റ് റിഹാബ് ഫൗണ്ടേഷന്‍, കേരള തുടങ്ങിയ സംഘടനയെയും അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം ഒപ്പം നിരോധിച്ചിരുന്നു. ആക്ടിലെ സെക്ഷന്‍ 4 ഉപവകുപ്പ് (1) പ്രകാരമാണ് ഇപ്പോള്‍ ട്രിബ്യൂണലിന്റെ രൂപീകരണം. ഗസ്റ്റ് വിജ്ഞാപനത്തിലൂടെ സംഘടനയെ സര്‍ക്കാര്‍ നിരോധിച്ചാലും നിരോധനം ട്രിബ്യൂണല്‍ ശരിവെക്കേണ്ടതുണ്ടെന്ന് ഈ സെക്ഷന്‍ പറയുന്നു.

നിരോധിത സംഘടനകള്‍ നല്‍കുന്ന മറുപടി തൃപ്തികരമല്ലെന്ന് ട്രിബ്യൂണലിന് ബോധ്യപ്പെട്ടാല്‍ നിരോധനം ശാശ്വതമെന്ന് പ്രഖ്യാപിക്കപ്പെടും. മറുപടി ഫയല്‍ ചെയ്യുന്ന സംഘടനകള്‍ നേരിട്ടോ അധികാരപ്പെടുത്തിയ വ്യക്തി മുഖേനയോ, അടുത്ത മാസം 8ന് ഡല്‍ഹി ഹൈക്കോടതിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ട്രിബ്യൂണല്‍ മുമ്പാകെ ഹാജരാകണമെന്നും ട്രിബ്യൂണല്‍ രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു.

Eng­lish Summary:Popular front ban: Tri­bunal issued notice
You may also like this video

Exit mobile version