Site iconSite icon Janayugom Online

പോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ: അക്രമങ്ങളില്‍ ഇതുവരെ 308 കേസ് ; 834 പേർ കരുതൽ തടങ്കലിൽ

hartalhartal

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന്റെ ഭാഗമായി നടന്ന അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 1287 പേർ. 308 കേസുകള്‍ രജിസ്റ്റർ ചെയ്തു. 834 പേരെ കരുതൽ തടങ്കലിലാക്കി.
കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായിരിക്കുന്നത്. 28 കേസുകളിലായി 215 പേരാണ് ജില്ലയില്‍ പിടിയിലായത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍, 34. അക്രമസംഭവങ്ങളിലെ പ്രതികളായ 141 പേരാണ് ജില്ലയില്‍ അറസ്റ്റിലായത്. 128 പേരാണ് കരുതല്‍ തടങ്കലിലുള്ളത്. വയനാട് ജില്ലയില്‍ അഞ്ച് കേസുകളിലായി 114 പേര്‍ അറസ്റ്റിലായി.
തിരുവനന്തപുരം സിറ്റിയില്‍ 25 കേസുകളില്‍ 52 പേരും റൂറലില്‍ 25 കേസുകളില്‍ 132 പേരും അറസ്റ്റിലായി. കൊല്ലം സിറ്റിയില്‍ 27 കേസുകളില്‍ 169, പത്തനംതിട്ടയില്‍ 15 കേസുകളില്‍ 111 പേരും അറസ്റ്റിലായി.
അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഡല്‍ഹി കലാപത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലുണ്ടായിരുന്നു. വിശാലമായ അന്വേഷണത്തിലേയ്ക്ക് നീങ്ങേണ്ടതുണ്ടെന്നും ഇ‌ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹത്രാസില്‍ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമം നടത്തിയെന്നും ഇതിനായി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനടക്കം നാല് പേര്‍ നിയോഗിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹത്രാസ് കലാപത്തിനായി 1.36 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, രാജ്യവ്യാപക റെയ്‌ഡിന് പിന്നാലെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഇന്ന് ഡല്‍ഹി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായവരുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎ ആസ്ഥാനത്ത് തുടരുകയാണ്. 

Eng­lish Sum­ma­ry: Pop­u­lar front har­tal: 308 cas­es of vio­lence so far

Exit mobile version