Site iconSite icon Janayugom Online

പോപ്പുലർ ഫ്രണ്ടിന്റെ വിദ്വേഷ മുദ്രാവാക്യം: രണ്ടുപേര്‍ അറസ്റ്റില്‍

popularpopular

പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിവിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റില്‍. കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാര്‍ നജീബ്, പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസ് വണ്ടാനം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. ഇന്നലെ വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

അറസ്റ്റിലായ അന്‍സാര്‍ കുട്ടിയുടെ ബന്ധുവല്ലെന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് ശേഷമേ കുട്ടിയുടെ മാതാപിതാക്കളെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂ എന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിക്കൊപ്പം മുദ്രാവാക്യം വിളിക്കുന്ന ആളുകളെ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന് ശേഷം ഇവരെ കസ്റ്റഡിയിലെടുക്കും. പ്രകടനത്തിന്റെ സംഘാടകരായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ജില്ലാ നേതൃത്വങ്ങൾക്കെതിരെയും ഉടൻ നടപടിയുണ്ടാവും. 

ഇതിനിടെ കുട്ടി വിളിച്ച മുദ്രാവാക്യം സംഘടനയുടേത് അല്ലെന്നും മുദ്രാവാക്യത്തോട് യോജിപ്പില്ലെന്നും വിശദീകരിച്ച് പോപ്പുലർ ഫ്രണ്ട് നേതൃത്വം രംഗത്തെത്തി.
മതസ്പർധ വളർത്തണം എന്ന ഉദ്ദേശ്യത്തോടെ കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നാണ് എഫ്ഐആര്‍. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലാണ് ഒരാള്‍ തോളിലേറ്റിയ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.
സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വൈറലായി മാറി. വിദ്വേഷ മുദ്രാവാക്യത്തിനെതിരെ വൻ പ്രതിഷേധവും ഉയർന്നു. ഈ സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് കുട്ടിയെ പരിപാടിയിൽ എത്തിച്ചവർക്കെതിരേയും സംഘാടകർക്ക് എതിരേയും കേസെടുത്തത്.
പൊലീസിനെ കൂടാതെ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബാലാവകാശ കമ്മിഷൻ കത്ത് നൽകി.മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

Eng­lish Sum­ma­ry: Pop­u­lar Fron­t’s hate slo­gan: Two arrested

You may like this video also

Exit mobile version