Site iconSite icon Janayugom Online

ജനകീയ പ്രതിഷേധം; ഗുജറാത്തില്‍ നാല് പദ്ധതികളുടെ ഫണ്ട് ലോക ബാങ്ക് റദ്ദാക്കി

ജനകീയ പ്രതിഷേധം കണക്കിലെടുത്ത് ഗുജറാത്ത് സര്‍ക്കാരിന്റെ മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉല്പാദിക്കുന്ന നാല് പദ്ധതികളുടെ നിക്ഷേപത്തില്‍ നിന്ന് പിന്മാറി ലോക ബാങ്ക്. പ്രാദേശിക ജനവിഭാഗത്തിന്റെയും പരിസ്ഥിതി-സന്നദ്ധ പ്രവര്‍ത്തകരുടെയും കടുത്ത പ്രതിഷേധം മുഖവിലയ്ക്കെടുത്താണ് തീരുമാനം.
രാജ്കോട്ട്, വഡോദര, അഹമ്മദാബാദ്, ജാംനഗര്‍ എന്നിവിടങ്ങളില്‍ മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്പാദിപ്പിക്കാനുള്ള അബെല്ലോണ്‍ ക്ലീന്‍ എനര്‍ജി കമ്പനിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നിക്ഷേപമാണ് ലോക ബാങ്കിന്റെ ഉപസ്ഥാനപമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. 

നാല് കോടി അമേരിക്കന്‍ ഡോളര്‍ നിക്ഷേപം നടത്താനായിരുന്ന നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിദിനം 3,750 ടണ്‍ തരംതിരിക്കാത്ത ഖരമാലിന്യം സംയോജിപ്പിച്ച് സംസ്കരിച്ച് ഇതില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതിയില്‍ നിക്ഷേപം നടത്തേണ്ടതില്ലെന്ന് ലോക ബാങ്ക് തീരുമാനിച്ചതായി അലയന്‍സ് ഫോര്‍ ഇന്‍സിനറേറ്റര്‍ ഫ്രീ ഗുജറാത്ത് അറിയിച്ചു. നഗര കാര്‍ഷിക മാലിന്യം കത്തിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിക്കെതിരെ ആദ്യം മുതല്‍ തന്നെ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. ജനങ്ങളുടെ ആശങ്കയും ഭീതിയും വിവരിച്ച് 2024 ജൂണ്‍ മാസം പരിസ്ഥിതി പ്രവര്‍ത്തകരും തദ്ദേശവാസികളും ലോക ബാങ്ക് ചെയര്‍മാന് കത്തുനല്‍കി. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വായു, ജലം മലിനീകരണം, ആരോഗ്യ പ്രശ്നങ്ങള്‍, കാലാവസ്ഥ ആഘാതം എന്നിവ നേരിടേണ്ടി വരുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

നിലവില്‍ പ്രവര്‍ത്തിക്കുന്ന ജാംനഗറിലെ പ്ലാന്റ് ഭീകരമായ പാരിസ്ഥതിക വിപത്താണ് സൃഷ്ടിക്കുന്നതെന്ന് അലയന്‍സ് ഫോര്‍ ഇന്‍സിനറേറ്റര്‍ ഫ്രീ ഗുജറാത്ത് സമിതിയംഗം കെ ആര്‍ ജയേന്ദ്ര സിങ് പ്രതികരിച്ചു. പദ്ധതിയില്‍ നിന്ന് ലോക ബാങ്ക് പിന്മാറിയത് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ പ്രഖ്യാപനം ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണെന്ന് മറ്റൊരു സമിതി അംഗമായ അസ്മിത ചാവ്ദ പ്രതികരിച്ചു. വര്‍ഷങ്ങളായി നടത്തി വരുന്ന പോരാട്ടത്തിലെ ആദ്യവിജയമാണ് ഇതെന്നും അവര്‍ പറഞ്ഞു. 

Exit mobile version