Site icon Janayugom Online

ജർമ്മനിയിൽ തീവ്ര വലതുപക്ഷ പാര്‍ട്ടിക്കെതിരെ ജനകീയ പ്രക്ഷോഭം

ജർമ്മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഓള്‍ട്ടര്‍നേറ്റീവ് ഓഫ് ജര്‍മ്മനി(എഎഫ്ഡി)ക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭം. കൂട്ട നാടുകടത്തല്‍ സംബന്ധിച്ച് പാര്‍ട്ടി യോഗങ്ങളില്‍ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ശനിയാഴ്ച നടന്ന പ്രക്ഷോഭത്തില്‍ രണ്ടരലക്ഷം പേര്‍ പങ്കെടുത്തു. മ്യൂണിക്, ബെര്‍ലിന്‍, എഎഫ്ഡിയുടെ ശക്തികേന്ദ്രങ്ങളായ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസവും പ്രതിഷേധങ്ങള്‍ നടന്നു. ഈ മാസം 14ന് പോസ്റ്റ്ഡാമില്‍ നടന്ന റാലിയില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും വിദേശകാര്യ മന്ത്രി അനലീന ബാര്‍ബൊക്കും പങ്കെടുത്തിരുന്നു. വലതുപക്ഷ തീവ്രവാദികളുടെയും എഎഫ്ഡിയുടെയും പദ്ധതി നാസികളുടെ വംശീയ പ്രത്യയശാസ്ത്രത്തിനു സമമാണെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ഷോള്‍സ് പറഞ്ഞു. 

1942ലെ വാൻസീ സമ്മേളനത്തോടാണ് ആഭ്യന്തരമന്ത്രി നാൻസി ഫ്രേസർ എഎഫ്ഡി യോഗത്തെ ഉപമിച്ചത്. ബെര്‍ലിന് പുറത്തുള്ള ഒരു ഗ്രാമത്തിലെ ഹോട്ടലില്‍ നടന്ന എഎഫ്ഡിയുടെ രഹസ്യയോഗത്തിന്റെ വിശദാംശങ്ങള്‍ സ്വതന്ത്ര അന്വേഷണ ഏജന്‍സിയായ കറക്റ്റീവാണ് പുറത്തുവിട്ടത്. ഡസല്‍ഡോര്‍ഫ് ഫോറം എന്ന് വിളിക്കപ്പെടുന്ന ഈ ചര്‍ച്ചകളുടെ അജണ്ടയില്‍ ജര്‍മ്മനിയില്‍ താമസാവകാശവും പൗരത്വവും നേടിയവരുള്‍പ്പെടെയുള്ളവരെ പുറത്താക്കുന്നതിനുള്ള പദ്ധതികളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഗ്രേറ്റ് റീപ്ലേസ്‍മെന്റ് എന്ന ആശയത്തിന്റെ വക്താക്കളായ ഓസ്ട്രിയയിലെ ഐഡന്റിറ്റേറിയൻ പ്രസ്ഥാനത്തിന്റെ നേതാവ് മാർട്ടിൻ സെൽനറും ചര്‍ച്ചയില്‍ പങ്കെടുത്തു. യൂറോപ്പില്‍ തദ്ദേശിയരല്ലാത്ത വെള്ളക്കാരെ ഒഴിവാക്കി എണ്ണത്തില്‍ മുന്നിലെത്താന്‍ വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് ഐഡന്റിറ്റേറിയന്‍ പ്രസ്ഥാനക്കാര്‍. കിഴക്കന്‍ ജര്‍മ്മനിയില്‍ മൂന്ന് പ്രാദേശിക തെര‍ഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് രഹസ്യ ചര്‍ച്ചകളുടെ വാര്‍ത്ത പുറത്തുവന്നത്. അഭിപ്രായ സര്‍വേകളില്‍ എഎഫ്ഡിയുടെ ജനപ്രീതി വര്‍ധിച്ചതായാണ് സൂചന. 

Eng­lish Summary;Popular upris­ing against far-right par­ty in Germany
You may also like this video

Exit mobile version