പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളിയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണമേഖലാ ആസ്ഥാനത്ത് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കൊല്ലത്ത് സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസില്‍ എത്തിച്ചു.
ഹര്‍ത്താല്‍ ആഹ്വാനത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഇന്നലെ രാവിലെ കരുനാഗപ്പള്ളിയിലെത്തിയ അബ്ദുല്‍ സത്താര്‍ പിഎഫ്ഐഎ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എൻഐഎ ഉദ്യോഗസ്ഥരും പൊലീസിനൊപ്പമുണ്ടായിരുന്നു.
ജില്ലയ്ക്ക് പുറത്തായിരുന്ന സത്താര്‍ ഇന്നലെ രാവിലെയാണ് കരുനാഗപ്പള്ളിയിലെ ഓഫീസില്‍ മടങ്ങിയെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ കരുനാഗപ്പള്ളി എസിപി വി എസ് പ്രദീപ്‌കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് എസിപി അശോക്‌കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഓഫീസിലേയ്ക്ക് കടന്ന് അബ്ദുല്‍ സത്താറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊല്ലത്ത് പൊലീസ് ക്ലബില്‍ എത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് അബ്ദുല്‍ സത്താറാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതിയും നിര്‍ദ്ദേശിച്ചിരുന്നു.
English Summary: Popularfront state general secretary Abdul Sattar arrested
You may like this video also