ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’, യൂറോപ്യൻ യൂണിയന്റെ കടുത്ത അന്വേഷണത്തിലേക്ക്. എക്സിലെ ‘ഗ്രോക്ക്’ എന്ന എഐ ചാറ്റ്ബോട്ട് വഴി കുട്ടികളുടേതടക്കമുള്ള അശ്ലീല ചിത്രങ്ങളും ഡീപ് ഫേക്ക് ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയിലാണ് നടപടി. ഡിജിറ്റൽ സർവീസ് ആക്ട് പ്രകാരമുള്ള കർശന നിയമങ്ങൾ എക്സ് ലംഘിച്ചോ എന്നാണ് യൂറോപ്യൻ കമ്മീഷൻ പരിശോധിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സമ്മതമില്ലാതെയുള്ള ലൈംഗിക ചുവയുള്ള ഡീപ് ഫേക്ക് ദൃശ്യങ്ങൾ അങ്ങേയറ്റം അപമാനകരവും അംഗീകരിക്കാനാവാത്തതുമാണെന്ന് ഇയു ടെക് കമ്മീഷണർ ഹെന്ന വിർക്കുണൻ പറഞ്ഞു. സമാനമായ വിഷയത്തിൽ ബ്രിട്ടൻ, ഫ്രാൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളും എക്സിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. നിലവിൽ യുകെയിലെ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററായ ‘ഓഫ്‌കോം’ ഇക്കാര്യത്തിൽ ഔദ്യോഗിക അന്വേഷണം നടത്തിവരികയാണ്.
അതേസമയം, നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാറുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ തങ്ങൾക്ക് ‘സീറോ ടോളറൻസ്’ നയമാണെന്നുമാണ് എക്സിന്റെ വിശദീകരണം. എന്നാൽ, നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 6 ശതമാനം വരെ പിഴ ചുമത്താൻ ഇയുവിന് അധികാരമുണ്ട്. നേരത്തെ ബ്ലൂ ടിക്ക് സംബന്ധിച്ച തർക്കത്തിൽ എക്സിന് 120 ദശലക്ഷം യൂറോ പിഴ ലഭിച്ചിരുന്നു. അമേരിക്കൻ കമ്പനികളെ ലക്ഷ്യമിട്ടുള്ള ഇയുവിന്റെ ഈ നീക്കങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തി.

