Site iconSite icon Janayugom Online

ഗർഭിണിയായ ഇന്ത്യൻ യുവതി മരിച്ച സംഭവം: പോർച്ചു​ഗൽ ആരോ​ഗ്യമന്ത്രി രാജിവച്ചു

ഗർഭിണിയായ ഇന്ത്യൻ യുവതി മരിച്ച സംഭവത്തില്‍ പോർച്ചു​ഗൽ ആരോ​ഗ്യമന്ത്രി മാർത്ത ടെമിഡോ രാജിവച്ചു. 34 വയസ്സുള്ള യുവതിയെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം, ആശുപത്രികളുടെ ശോചനീയാവസ്ഥ എന്നീ പ്രശ്നങ്ങള്‍ കാരണം ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി. യുവതിയുടെ മരണം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെയായിരുന്നു ആരോ​ഗ്യമന്ത്രി മാർത്തയുടെ രാജി.

ലിസ്ബണിലെ ആശുപത്രിയിൽ നിന്ന് സാന്താ മരിയയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ വെച്ചു തന്നെ യുവതിയുടെ അവസ്ഥ വഷളായി. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും യുവതിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. ലിസ്ബണിലെ ആശുപത്രിയിൽ നവജാത ശിശു പരിപാലന വിഭാ​ഗത്തിൽ സ്ഥലമില്ലാത്തതിനാലാണ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

പ്രധാനമന്ത്രി അന്റോണിയ കോസ്റ്റ ആരോ​ഗ്യമന്ത്രി മാര്‍ത്ത ടെമിഡോയുടെ രാജി സ്വീകരിച്ചതായി അറിയിച്ചു. രാജ്യത്തെ ആരോ​ഗ്യമേഖലയെ മെച്ചെപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2018 ലാണ് മാർത്ത ടെമിഡോ ആരോ​ഗ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.

Eng­lish Sum­ma­ry: Por­tuguese Health Min­is­ter Quits
You may also like this video

Exit mobile version