പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അധിക്ഷേപ പോസ്റ്റുകള്‍ പങ്കുവച്ചെന്നാരോപിച്ച് രാഷ്ട്രീയ ജനതാ ദള്‍ നേതാവ് തേജസ്വി യാദവിനെതിരെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ കേസ്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ബിജെപി എംഎല്‍എ മിലിന്ദ് രാംജി നരോട്ടിന്റെ പരാതിയിലാണ് മഹാരാഷ്ട്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തേജസ്വിയുടെ ചില പോസ്റ്റുകളില്‍ പ്രധാനമന്ത്രി രാവും പകലും കള്ളം പറഞ്ഞ് നടക്കുകയാണെന്ന തരത്തിലുള്ള പാട്ടുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് പ്രധാനമന്ത്രിയുടെ ഓഫിസിനെയും രാജ്യത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്നും നരോട്ട് പരാതിയില്‍ ആരോപിച്ചു.
ബിജെപി സിറ്റി യൂണിറ്റ് മേധാവി ശില്പി ഗുപ്തയുടെ പരാതിയിലാണ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ പൊലീസ് തേജസ്വിക്കെതിരെ കേസെടുത്തത്. എഫ്ഐആര്‍ കാട്ടി തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും സത്യത്തെ ഭയക്കുന്നവരാണ് ഇത്തരം കേസുകള്‍ നല്‍കുന്നതെന്നും തേജസ്വി യാദവ് പ്രതികരിച്ചു. ബിജെപി ഇനി എങ്ങനെ എതിര്‍ക്കാന്‍ ശ്രമിച്ചാലും താന്‍ സത്യം വിളിച്ചുപറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഡിക്കെതിരെ പോസ്റ്റ്; തേജസ്വിക്കെതിരെ കേസ്

