Site iconSite icon Janayugom Online

പോസ്റ്റ് പ്രൊ‌ഡക്ഷൻ ജോലികൾ പൂർത്തിയായില്ല; മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ റിലീസ് മാറ്റി

പോസ്റ്റ് പ്രൊ‌ഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനാൽ മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ റിലീസ് മാറ്റി. തെലുങ്കിലും മലയാളത്തിലുമായി ഒരേ സമയം ചിത്രീകരിച്ച ചിത്രമാണിത്. ഒക്ടോബർ 16ന് ആയിരുന്നു ആദ്യം റിലീസ് നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് നവംബർ 6ലേക്ക് മാറ്റി. നന്ദകിഷോർ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഫാന്റസി ആക്ഷൻ ഡ്രാമയാണ് വൃഷഭ. പ്രമുഖ തെന്നിന്ത്യൻ നിർമാതാവായ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ഫാന്റസി ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ള സിനിമയാണ് വൃഷഭ.

 

ചിത്രത്തിൽ വൃഷഭ, വിശ്വംഭര എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് മോഹൻലാൽ എത്തുന്നത്. അഞ്ച് ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പറയുന്നത്. തെലുങ്ക് നടൻ റോഷൻ മെകയാണ് മകന്റെ വേഷം അവതരിപ്പിക്കുന്നത്. സമർജിത്ത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, സിമ്രാൻ, നേഹ സക്സേന, രാമചന്ദ്ര രാജു തുടങ്ങിയവരും വേഷമിടുന്നുണ്ട്.

 

കന്നട, ​ ഹിന്ദി, ​ ഇംഗ്ലീഷ് ഭാഷയിലും റിലീസ് ചെയ്യും. ചിത്രം ഈ വർഷം ഡിസംബർ അവസാനത്തോടെ തിയേറ്ററുകളിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സംവിധായകൻ നന്ദകിഷോർ അറിയിച്ചു.

Exit mobile version