Site iconSite icon Janayugom Online

മുസ്ലിങ്ങള്‍ക്ക് വസ്തുവോ വീടോ വില്‍ക്കരുതെന്ന് പോസ്റ്റര്‍

ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ ജില്ലയായ ബ്രഹ്മപുരിയിലെ ഭൂവുടമകള്‍ മുസ്ലിങ്ങള്‍ക്ക് വസ്തുവോ വീടോ വില്‍ക്കരുതെന്ന് ആഹ്വാനം ചെയ്ത് വിദ്വേഷ പോസ്റ്റര്‍. ഇത്തരം വില്പനകളുടെ രജിസ്ട്രേഷന്‍ അനുവദിക്കില്ലെന്നും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഭൂവുടമകള്‍ ഉത്തരവാദികളായിരിക്കുമെന്നും പോസ്റ്ററില്‍ മുന്നറിയിപ്പുണ്ട്. ഭാവിയിലെ ഏത് ഇടപാടുകളും ഹിന്ദുക്കളുമായി മാത്രം നടത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബ്രഹ്മപുരി ഗലി നമ്പർ 13 ൽ നിന്നുള്ള അഭിഭാഷകനായ പ്രദീപ് ശർമ്മയാണ് പോസ്റ്ററിൽ ഒപ്പിട്ടിരിക്കുന്നത്.

പോസ്റ്ററുമായി ബന്ധപ്പെട്ട് ഗലിയിലെ മതീന്‍ മസ്ജിദ് ഇമാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദീപ് ശര്‍മ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്ററില്‍ പേര് ഉപയോഗിച്ചതെന്നാണ് പ്രദീപ് ശര്‍മ്മയുടെ വാദം. മുസ്ലീം, ഹിന്ദു സമ്മിശ്ര ജനസംഖ്യയുള്ള പ്രദേശമാണ് ബ്രഹ്മപുരി. 2020 ല്‍ ഡല്‍ഹിയില്‍ നടന്ന കലാപം ബ്രഹ്മപുരിയെ നേരിട്ട് ബാധിച്ചിരുന്നില്ലെങ്കിലും പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്.

Exit mobile version