Site icon Janayugom Online

ബിജെപി അനുഭാവിയെ പ്രസിഡന്റ് ആക്കരുത്; ഡിസിസി ഓഫീസിന് മുന്നില്‍ പാലോട് രവിക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം

പാലോട് രവിയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം. രവിക്കെതിരെ തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ ഉയർന്നു. പാലോട് രവി ബിജെപി അനുഭാവിയാണെന്നും ഇത്തരക്കാരെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നുമാണ് പോസ്റ്റർ. നേരത്തെ പാലോട് രവിക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച സസ്പെൻഷനിലായ പിഎസ് പ്രശാന്ത് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിന് പരാതി അയച്ചു. പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നാൽ കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്നാണ് പ്രശാന്ത് താരിഖ് അൻവറിനെ അറിയിച്ചിരിക്കുന്നത്. രവിയെ ഡിസിസി പ്രസിഡന്റ് ആക്കിയാൽ പാർട്ടി വിടാനാണ് പ്രശാന്തിന്റെ തീരുമാനം. 

പാലോട് രവിയെ പ്രഡിഡന്റ് ആക്കുന്നതിനെതിരെ താരിഖ് അൻവറിനെ ഫോണിൽ കൂടിയും എ. ഐ. സി. സിക്ക് രേഖാമൂലവും പ്രശാന്ത് പരാതി നൽകിയിട്ടുണ്ട്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മൽസരിച്ച തന്നെ തോൽപ്പിക്കാൻ പാലോട് രവി ശ്രമിച്ചെന്ന് കെപിസിസിയുടെ അന്വേഷണസമിതിക്ക് മുൻപാകെ പി. എസ്. പ്രശാന്ത് മൊഴി നൽകിയിരുന്നു. നേരത്തെയും ഡിസിസി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണങ്ങളും പ്രതിഷേധവും ഉയർന്നിരുന്നു. 

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ശശി തരൂർ, ഉമ്മൻചാണ്ടി എന്നിവർക്കെതിരെയും പ്രതിഷേധ പോസ്റ്ററുകൾ ഉയർന്നിരുന്നു. അതേസമയം ശനിയാഴ്ച പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കൈമാറിയിരുന്നു. ദളിത്, വനിതാ പ്രാതിനിധ്യമില്ലാതെയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
eng­lish summary;Poster protest against Palode Ravi in ​​front of DCC office
you may also like this video;

Exit mobile version