Site iconSite icon Janayugom Online

ദാരിദ്ര്യ ലഘൂകരണവും സംസ്ഥാനങ്ങളും

നിതി ആയോഗ് അടുത്തിടെ ഒരു ദാരിദ്ര്യ സൂചിക പുറത്തിറക്കി. അഞ്ച് വർഷത്തിനുള്ളിൽ 13.5 കോടി ഇന്ത്യക്കാർ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്നും ഇത്തരക്കാരുടെ എണ്ണം 2015 ലെ 24.85 ശതമാനത്തിൽ നിന്ന് 14.96 ശതമാനമായി ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യം 32.59 ശതമാനത്തിൽ നിന്ന് 19.28 ശതമാനമായി കുറഞ്ഞു. 2030 ന് മുമ്പായി സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പാതയിലാണ് ഇന്ത്യയെന്നും റിപ്പോർട്ട് അവകാശപ്പെട്ടു.
ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചികയുടെ (എംപിഐ) രണ്ടാം പതിപ്പാണിത്. യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ സംബന്ധിച്ച 12 സൂചകങ്ങൾ അടിസ്ഥാനമാക്കിയാണിതെന്ന് റിപ്പോര്‍ട്ട് അവകാശപ്പെട്ടു. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, മാതൃ ആരോഗ്യം, വിദ്യാഭ്യാസം, സ്കൂൾ ഹാജർ, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, വീടുകള്‍, ആസ്തി, ബാങ്ക് അക്കൗണ്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. എല്ലാ സൂചകങ്ങളിലും പ്രകടമായ പുരോഗതി ദൃശ്യമാണെന്ന് റിപ്പോർട്ട് പറയുന്നു.

ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ബഹുമുഖ ദരിദ്രരുടെ അനുപാതത്തിൽ ഏറ്റവും വേഗത്തിലുള്ള കുറവ് രേഖപ്പെടുത്തിയത്. 2015നും 21 നുമിടയിൽ എംപിഐ മൂല്യം 0.117 ൽ നിന്ന് 0.066 ആയി. ദാരിദ്ര്യത്തിന്റെ തീവ്രത 47 ശതമാനത്തിൽ നിന്ന് 44 ശതമാനമായി കുറഞ്ഞു. ബഹുമുഖ ദാരിദ്ര്യം പകുതി കുറഞ്ഞത് ലക്ഷ്യമിട്ട 2030 എന്ന നിശ്ചിത സമയപരിധിയെക്കാൾ വളരെ നേരത്തെയാണ്.
ദാരിദ്ര്യം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് കേരളത്തിലാണ്. ഏറ്റവും കൂടുതൽ ആളുകൾ ദാരിദ്ര്യത്തിൽ കഴിയുന്നത് ബിഹാറിലാണ്. ഝാർഖണ്ഡും ഉത്തർപ്രദേശും തൊട്ടുപിന്നാലെയുണ്ട്. പുതുച്ചേരി, ലക്ഷദ്വീപ്, ഗോവ, സിക്കിം എന്നിവിടങ്ങളിലും ദാരിദ്ര്യം കുറവാണ്. വലിയ സംസ്ഥാനങ്ങളിൽ തമിഴ്‌നാട് മികച്ച പ്രകടനം കാഴ്ചവച്ചു. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര, മേഘാലയ, അസം എന്നിവ ഉൾപ്പെടുന്ന ഹിമാലയൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നന്നായി മുന്നേറിയിട്ടുണ്ട്. 

ഝാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയ്ക്ക് പിന്നാലെ ഏറ്റവും കൂടുതൽ പോഷകാഹാരക്കുറവുള്ളവരും ബി ഹാറിലാണ്. അൽപ്പം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത് രാജസ്ഥാൻ മാത്രമാണ്. സിക്കിമിലാണ് ഹിമാലയൻ സംസ്ഥാനങ്ങളിൽ, ദാരിദ്ര്യത്തിന് താഴെയുള്ളവരുടെ ഏറ്റവും കുറഞ്ഞ ശതമാനം. ഹിമാചലിലും ത്രിപുരയിലും ദാരിദ്ര്യത്തിന് താഴെയുള്ള ജനസംഖ്യ 10 ശതമാനത്തിൽ താഴെയാണ്. ജമ്മു കശ്മീർ, ലഡാക്ക്, മണിപ്പൂർ, ഉത്തരാഖണ്ഡ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ 20 ശതമാനത്തിൽ താഴെ ദാരിദ്ര്യമുണ്ട്. നാഗാലാൻഡിലും അരുണാചൽ പ്രദേശിലും 20 മുതൽ 30 ശതമാനം വരെയാണ് അതിദാരിദ്ര്യത്തിന് താഴെയുള്ളവര്‍. ദാരിദ്ര്യം കൂടുതലുള്ള ഹിമാലയൻ സംസ്ഥാനങ്ങളാണ് മേഘാലയയും അസമും. 

Exit mobile version