എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെ കാഞ്ചീപുരത്ത് യുവാവിന് വൈദ്യുതാഘാതമേറ്റു. കാഞ്ചീപുരം ഹെഡ് പോസ്റ്റ് ഓഫിസിനു സമീപത്തെ എടിഎമ്മിലാണ് സംഭവം. ഖമ്മൻ സ്ട്രീറ്റ് സ്വദേശി വെങ്കടേശനാണ് വൈദ്യുതാഘാതമേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർഡ് ഇട്ടശേഷം പിൻ നമ്പർ ടൈപ്പ് ചെയ്യുന്നതിനിടെ കീപാഡിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. വലതു കയ്യിൽ ശക്തിയേറിയ വൈദ്യുതാഘാതമേറ്റതോടെ പരിഭ്രമിച്ച് പുറത്തിറങ്ങിയ വെങ്കടേശൻ ഉടൻ കാഞ്ചീപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. കീപാഡിൽ വൈദ്യുതി പ്രവാഹമുള്ളതായി പൊലീസ് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. അപകട സമയം ഇയാളുടെ 8 വയസുള്ള മകനും കൂടെയുണ്ടായിരുന്നു.

