Site icon Janayugom Online

ഹരിയാന കോണ്‍ഗ്രസില്‍ അധികാരതര്‍ക്കം; സോണിയയുടെ തീരുമാനത്തെ വെല്ലുവിളിച്ച് രണ്‍ദീപ്സുര്‍ജേവാല

ഹരിയാന കോണ്‍ഗ്രസിലെ മാറ്റത്തെ തുടര്‍ന്ന് ഹൈക്കമാന്‍ഡിലും പ്രശ്‌നങ്ങള്‍. പുതിയ അധ്യക്ഷനായി ഹൂഡയുടെ വിശ്വസ്തന്‍ വന്നത് സോണിയാ ഗാന്ധിയുടെ തീരുമാനമാണ്. എന്നാല്‍ ഒരിക്കലും രാഹുല്‍ ഗാന്ധി അംഗീകരിച്ച തീരുമാനമല്ല ഇതെന്നാണ് സൂചന.

രാഹുലിന്റെ വിശ്വസ്തന്‍ രണ്‍ദീപ് സുര്‍ജേവാല പരസ്യമായി തന്നെ ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇത് സൂചിപ്പിക്കുന്നത് രാഹുലിന്റെ ടീമിന് കടുത്ത വിയോജിപ്പ് സോണിയയുടെ സീനിയര്‍ ടീമിനോട് ഉണ്ടെന്നാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സീനിയേഴ്‌സിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് സോണിയ നടത്തുന്നത്. എന്നാല്‍ ഇത് പുതിയ പ്രശ്‌നങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സോണിയാ ഗാന്ധിയുടെ നിയമനത്തിനെതിരെ പരസ്യമായിട്ടാണ് രണ്‍ദീപ് സുര്‍ജേവാല രംഗത്ത് വന്നത്.

കുല്‍ദീപ് ബിഷ്‌ണോയ് ആയിരുന്നു സംസ്ഥാന അധ്യക്ഷനാവാന്‍ മിടുക്കന്‍ എന്നായിരുന്നു സുര്‍ജേവാലയുടെ പരാമര്‍ശം. ഭൂപീന്ദര്‍ ഹൂഡയെ ലക്ഷ്യമിട്ടാണ് പരാമര്‍ശം നടത്തിയതെങ്കിലും, സോണിയാ ക്യാമ്പിനെതിരെയുള്ള ഒളിയമ്പ് കൂടിയാണിത്. രാഹുലിന്റെ അനുമതിയോടെയാണ് സുര്‍ജേവാല അതൃപ്തി പരസ്യമാക്കിയതെന്നാണ് സൂചന. എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ അല്ലെന്നും പറയുന്നു. കോണ്‍ഗ്രസിന് ബിഷ്‌ണോയിയെ പോലുള്ള നേതാക്കളാണ് വേണ്ടതെന്നും സുര്‍ജേവാല പറഞ്ഞു. ഹൂഡയുടെ നിത്യ ശത്രുവാണ് ബിഷ്‌ണോയ്. മുന്‍ ഹരിയാന മുഖ്യമന്ത്രിയായ ഭജന്‍ ലാലിന്റെ മകനാണ് കുല്‍ദീപ് ബിഷ്‌ണോയ്.

2007ല്‍ അദ്ദേഹം ഭൂപീന്ദര്‍ ഹൂഡയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടിരുന്നു. പിതാവിന്റെ പാര്‍ട്ടിയായ ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു അദ്ദേഹം. 2016ല്‍ രാഹുല്‍ ഗാന്ധി ഇടപെട്ടിട്ടാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത്. ഹരിയാനയില്‍ ഒന്നാകെ ആധിപത്യമുള്ള ഏക നേതാവാണ് ഭൂപീന്ദര്‍ ഹൂഡ. അദ്ദേഹത്തെ നേരിടാന്‍ തല്‍ക്കാലം സുര്‍ജേവാലയ്‌ക്കോ ബിഷ്‌ണോയിക്കോ സാധ്യമല്ല. കാരണം ഇവര്‍ക്ക് രണ്ട് പേര്‍ക്ക് ചില പോക്കറ്റുകളില്‍ മാത്രമാണ് പിന്തുണയുള്ളത്. ഇത് സോണിയാ ഗാന്ധിക്ക് നന്നായിട്ടറിയാം. അതുകൊണ്ടാണ് ഹൂഡയെ സംസ്ഥാന സമിതിയുടെ ഭരണം ഏല്‍പ്പിച്ചത്.ജി23 നേതാക്കളില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവും ഹൂഡയാണ്. 

തര്‍ക്കങ്ങളില്ലെങ്കില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ഹരിയാന ഭരിക്കുമായിരുന്നു. 2024ല്‍ ഹരിയാന പിടിക്കുക എന്ന ടാര്‍ഗറ്റാണ് ഹൂഡയ്ക്ക് മുന്നിലുള്ളത്. ബിഷ്‌ണോയിക്ക് ഇനി തിരിച്ചുവരണമെങ്കില്‍ ഹൂഡയുടെ കാലം അവസാനിക്കേണ്ടി വരും. അപ്പോഴും അദ്ദേഹത്തിന്റെ മകന്‍ ദീപേന്ദര്‍ ഹൂഡ ശക്തമായി രംഗത്തുണ്ട്. രണ്‍ദീപ് സുര്‍ജേവാല പക്ഷേ ഹരിയാനയില്‍ അത്ര ശക്തനുമല്ല. ജിന്ദില്‍ 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ അദ്ദേഹം തോറ്റിരുന്നു. പിന്നീട് കൈത്താലിലും തോറ്റിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ പിന്നെയും സംഘടനാ ചുമതല നല്‍കി വളര്‍ത്തുകയാണ് ചെയ്തത്. പക്ഷേ അതുകൊണ്ട് ഹരിയാനയില്‍ ആധിപത്യം സ്ഥാപിക്കാന്‍ സുര്‍ജേവാലയ്ക്ക് സാധിച്ചിട്ടില്ല.

Eng­lish Sum­ma­ry: Pow­er strug­gle in Haryana Con­gress; Ran­deep Sur­je­w­ala chal­lenges Soni­a’s decision

You may also like this video:

Exit mobile version