Site iconSite icon Janayugom Online

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് പ്രഖ്യാപിക്കും

റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് പ്രഖ്യാപനം. ബോര്‍ഡിന്റെ ആവശ്യം ഭാഗികമായി അംഗീകരിച്ചാണ് നിരക്ക് വര്‍ധന. യൂണിറ്റ് 15 പൈസയുടെ മുതല്‍ വര്‍ധനയുണ്ടാകും. അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് പ്രഖ്യാപിക്കുക. വൈദ്യുതി നിരക്കിലും ഫിക്സഡ് ചാര്‍ജ്ജിലും വര്‍ധന വരുത്തണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.

ആദ്യ വര്‍ഷം തന്നെ 92 പൈസയുടെ വരെ വര്‍ധനയുണ്ടാകണമെന്നാണാവശ്യം. 30 മുതല്‍ 92 പൈസയുടെ വരെ വര്‍ധനയാണ് ബോര്‍ഡ് ഓരോ വര്‍ഷവും താരിഫ് പെറ്റീഷനില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കമ്മിഷന്‍ ഇതു തള്ളിക്കളഞ്ഞു. ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് വലിയ തരത്തിലുള്ള താരിഫ് വര്‍ധനയുണ്ടാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. അതുകൊണ്ട് ബോര്‍ഡിന്റെ നഷ്ടം കുറയ്ക്കുന്നതിനുള്ള രീതിയില്‍ നിരക്ക് വര്‍ധന നടപ്പാക്കാനാണ് തീരുമാനം.

അഞ്ച് മുതല്‍ 10 ശതമാനം വരെയുള്ള നിരക്ക് വര്‍ധനവാണ് കമ്മിഷന്‍ നിശ്ചയിച്ചിട്ടുള്ളത്. ഒരു യൂണിറ്റിന് ശരാശരി 15 മുതല്‍ 50 പൈസയുടെ വരെ വര്‍ധനയാണുണ്ടാകുന്നത്. ഇതോടൊപ്പം ഫിക്സ്ഡ് ചാര്‍ജ്ജും വര്‍ധിക്കും. കോളനികളിലേക്കുള്ള വൈദ്യുതി ഗാര്‍ഹിക ഉപഭോക്താക്കളുടെ വിഭാഗത്തിലേക്ക് മാറ്റും. ഇതോടൊപ്പം കൃഷിക്കാര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും ഇളവുകളും കമ്മിഷന്‍ പ്രഖ്യാപിക്കും.

Eng­lish sum­ma­ry; pow­er tar­iff hike in the state will be announced today

You may also like this video;

Exit mobile version