Site iconSite icon Janayugom Online

പിപിഇ കിറ്റ് അഴിമതി ആരോപണം: 100 കോടിയുടെ മാനനഷ്ടക്കേസ്

പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ ആംആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ. ഗുവാഹട്ടി പ്രദേശിക കോടതിയിലാണ് റിനികി ഭുയാന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മനീഷ് സിസോദിയക്കെതിരെ അസം മുഖ്യമന്ത്രി ട്വിറ്ററില്‍ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് റിനികി കേസുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഭാര്യക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ തള്ളിയ ശര്‍മ സിസോദിയക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ട്വീറ്റില്‍ പറഞ്ഞിരുന്നു. ഉടന്‍ ഗുവാഹട്ടിയില്‍ കാണാമെന്നും സിസോദിയയോടായി ശര്‍മ പറഞ്ഞിരുന്നു.
കോവിഡ് വ്യാപനത്തിന്റെ ആരംഭത്തില്‍ പിപിഇ കിറ്റ്, സാനിറ്റൈസര്‍ എന്നിവയുടെ ഉല്പാദനത്തിനായി ഭീമമായ തുകയ്ക്ക് ഭാര്യയുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കിയതായി ഈ മാസം ആദ്യത്തില്‍ സിസോദിയ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ഹിമന്ത ബിശ്വ ശര്‍മയും സിസോദിയയും സമൂഹമാധ്യമങ്ങളിലൂടെ ഏറ്റുമുട്ടിയിരുന്നു.
ഹിമന്ത ബിശ്വ ശര്‍മ ആരോഗ്യ മന്ത്രിയായിരിക്കെ ചട്ടങ്ങള്‍ ലംഘിച്ച് ഭാര്യയുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങള്‍ക്ക് പിപിഇ കിറ്റ്, സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ഓര്‍ഡര്‍ നല്‍കിയെന്നാണ് ആരോപണം. വിപണി വിലയേക്കാള്‍ 65 ശതമാനം അധിക തുകയ്ക്കാണ് ഭാര്യയുടെ ഉടമസ്ഥതയിലുള്ള ജെസിബി ഇന്‍ഡസ്ട്രീസിന് ശര്‍മ ഓര്‍ഡറുകള്‍ നല്‍കിയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 5000 പിപിഇ കിറ്റുകളുടെ അടിയന്തര വിതരണ ഓര്‍ഡറാണ് ജെസിബി ഇന്‍ഡസ്ട്രീസിന് നല്‍കിയിരുന്നത്.

eng­lish sum­ma­ry; PPE Kit scam: Rs 100 crore defama­tion case
You may also like this video;

Exit mobile version