Site iconSite icon Janayugom Online

പിപിഎഫ് കുവൈത്ത് വാർഷിക പൊതുയോഗം: അനിൽകുമാർ പി എൻ പ്രസിഡന്റ്, ബിപിൻ പുനത്തിൽ ജനറൽ സെക്രട്ടറി

പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കുവൈത്തിന്റെ വാർഷിക പൊതുയോഗം മെഹ്ബുള്ളയിലെ പാർക്ക് ഇൻ ബൈ റാഡിസൺ ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പ്രൊഫഷണൽ വികസനത്തിനും സാമൂഹിക സേവനത്തിനുമായി വൈവിധ്യമാർന്ന പരിപാടികൾക്ക് നേതൃത്വം നൽകിയ സംഘടന, 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി അനിൽകുമാർ പി. എൻ (പ്രസിഡന്റ്), ബിപിൻ പുനത്തിൽ (ജനറൽ സെക്രട്ടറി), ശ്രീജിത് എസ്. നായർ (ട്രഷറർ), ഡോ. അനില ആൽബർട്ട് (വൈസ് പ്രസിഡന്റ്), കിരൺ കെ. ബാബു (ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങിയ 25 അംഗ കേന്ദ്ര നിർവാഹക സമിതിയെ ബിജു ജനാർദ്ദനന്റെ മേൽനോട്ടത്തിൽ ഏകകണ്ഠമായി തിരഞ്ഞെടുത്തു.
പ്രസിഡന്റ് പ്രശാന്ത് വാര്യരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ശ്രീ അനൂപ് അംബിക ഉദ്ഘാടനം ചെയ്തു; പ്രവാസി പ്രൊഫഷണലുകൾക്കിടയിൽ വിജ്ഞാന കൈമാറ്റത്തിനും നെറ്റ്‌വർക്കിംഗിനും പിപിഎഫ് നടത്തുന്ന ഇടപെടലുകളെ അദ്ദേഹം പ്രകീർത്തിച്ചു. ഇന്ത്യൻ പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾക്ക് അന്താരാഷ്ട്ര അംഗീകാരം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നവീൻ കെ. ആർ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു.

ജനറൽ സെക്രട്ടറി ഷാജി മഠത്തിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീജിത് എസ്. നായർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പൊതുയോഗത്തിന് ശേഷം നടന്ന ‘TRANSCEND 26’ എന്ന പരിപാടിയിൽ കുവൈറ്റ് എൻജിനീയേർസ് ഫോറം, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേർസ്,കല കുവൈറ്റ് എന്നീ സംഘടനകളുടെ പ്രതിനിധികളും ലോക കേരള സഭ അംഗം ടി.വി. ഹിക്മത്തും പങ്കെടുത്തു. പ്രശാന്ത് വാര്യർ മോഡറേറ്ററായ സംവാദത്തിൽ അനൂപ് അംബികയോടൊപ്പം ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ പ്രതിനിധി കാശിഫ് സയ്യിദും പങ്കെടുത്തു. ചടങ്ങിൽ സംഘടനയുടെ സ്പോൺസർമാരായ SPETCO, INTREX, ROYAL TECHNIC, SGS, SAFETY PLUS പ്രതിനിധികളെ ആദരിച്ചു. ഭൈമി രാജേഷ് അവതാരകയായ ചടങ്ങിൽ നിയുക്ത ജനറൽ സെക്രട്ടറി ബിപിൻ പുനത്തിൽ വാർഷിക പൊതുയോഗത്തിനും, ജനറൽ കൺവീനർ ഗോപീകൃഷ്ണൻ ‘TRANSCEND 26’ നും നന്ദി രേഖപ്പെടുത്തി

Exit mobile version