Site iconSite icon Janayugom Online

പ്രഭാത് ബുക്ക് ഹൗസ് എഴുപതാം വാർഷികാഘോഷം സമാപിച്ചു

പ്രഭാത് ബുക്ക് ഹൗസിന്റെ എഴുപതാം വാർഷികാഘോഷങ്ങള്‍ സമാപിച്ചു. ഇന്നലെ വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം സ്പീക്കര്‍ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. വായനയെയും വായനശാലകളെയും പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം ജനപ്രതിനിധികള്‍ക്കുമുണ്ടെന്ന് സ്പീക്കർ പറഞ്ഞു. സോവിയറ്റ് സാഹിത്യത്തെയും മാര്‍ക്സിസിയന്‍ പുസ്തകങ്ങളെയും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് പ്രഭാതാണ്. ശാസ്ത്ര‑സാങ്കേതിക മേഖലയിലെയും കുട്ടികളുടെയും പുസ്തകം വിവര്‍ത്തനം ചെയ്യുന്നതില്‍ പ്രഭാത് തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. നേരത്തെ കേരളീയ സമൂഹത്തിനായി എന്താണോ നിര്‍വഹിച്ചത് അതുമായി ഇനിയും മുന്നോട്ട് പോകാനാകട്ടെയെന്ന് സ്പീക്കര്‍ ആശംസിച്ചു. 

ചടങ്ങിന്റെ ഭാഗമായി നടന്ന പുസ്തകപ്രകാശനം കൃഷിമന്ത്രി പി പ്രസാദ് നിര്‍വഹിച്ചു. ജരാനര മനുഷ്യന് മാത്രമുള്ളതാണ്, പ്രസ്ഥാനത്തിനുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാനത്തിന്റെ മൂല്യങ്ങള്‍ പോക്കറ്റടിക്കുന്ന കാലത്ത് പ്രഭാതിന്റെ 70 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതില്‍ സന്തോഷമുണ്ട്. ചരിത്രത്തിന്റെ ഭാഗമാകുന്ന പരിപാടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാത് ബുക്ക്സ് ചെയര്‍മാന്‍ സി ദിവാകരന്‍ അധ്യക്ഷനായി. ബി എസ് ബാലചന്ദ്രൻ, വി ദത്തൻ, ജയൻ മഠത്തിൽ, എസ് ഹനീഫാ റാവുത്തർ, ഡോ. വള്ളിക്കാവ് മോഹൻദാസ്, വി പി ഉണ്ണികൃഷ്ണൻ, പ്രൊഫ. എം ചന്ദ്രബാബു, ഡോ. ലൈല വിക്രമരാജ്, സാബു ശങ്കർ, എം എ ഫ്രാൻസിസ്, കെ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. 

വിശ്വമംഗലം സുന്ദരേശൻ രചിച്ച മാർക്സിന്റെ കഥ കുട്ടികൾക്ക്, നമ്മുടെ സൂര്യോദയം നാം തന്നെ സൃഷ്ടിക്കണം, നിർമാല്യം വാമദേവന്റെ സർഗ സാഗരം, പ്രാജ്ഞ പ്രപഞ്ചം, ബാലാമൃത കുശപം, റഷീദ് ചുള്ളിമാനൂരിന്റെ ആത്മതീരത്തൊരാൾ, ഡോ. അഗസ്റ്റിൻ കുന്നത്തേടം രചിച്ച ഒരു ഭക്ഷ്യ ഔഷധശാസ്ത്രജ്ഞന്റെ ആത്മകഥ, സവിതാ കരവാളൂരിന്റെ നിഴലും നിലാവും, എ ആർ അർനോൾഡിന്റെ ഉരുക്കുദലങ്ങൾ, ഉള്ളൂർ സതീശന്റെ മധുരസംഗീതം, എസ് പരമേശ്വരൻ പിള്ളയുടെ ഇന്ത്യാവിഷൻ, കാരൂർ സോമന്റെ ഡെവിൾസ് ടെയ്ൽസ്, കാറ്റിൽ പറക്കുന്ന പന്തുകൾ, ഗിൽബർട്ട് രചിച്ച ഡിറ്റക്ടീവ് ഡിസൂസ എന്നിവയാണ് പ്രകാശനം ചെയ്തത്. സമ്മേളനത്തിന് ശേഷം കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം അരങ്ങേറി.

Eng­lish Sum­ma­ry: Prab­hat Book House has con­clud­ed its 70th anniver­sary celebrations

You may also like this video

Exit mobile version