Site iconSite icon Janayugom Online

പ്രജിത്തിനും റീഷയ്ക്കും നാടിന്റെ യാത്രാമൊഴി, അന്തിമ ചുംബനം നല്‍കി മകള്‍ ശ്രീപാർവതി

കുറ്റ്യാട്ടൂർ ഉരുവച്ചാലിനു സമീപം താമരവളപ്പിലെ വീട്ടിൽ ശ്രീപാർവതി ഇനി അമ്മയുടെ മാതാപിതാക്കളായ വിശ്വനാഥനും ശോഭനയ്ക്കുമൊപ്പമാണ് കഴിയുക. നിമിഷനേരം കൊണ്ടാണ് ശ്രീപാർവതിക്ക് ഇന്നലെ മാതാപിതാക്കളെ നഷ്ടമായത്. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ വഴിയാണ് പ്രജിത്തും ഭാര്യ റീഷയും കാര്‍ കത്തി വെന്തുമരിച്ചത്. ഇന്നലെ പതിനൊന്നേകാലോടെയാണു ദുരന്ത വാർത്ത നാട്ടിലറിയുന്നത്. പ്രജിത്തിന്റെ അച്ഛൻ ഗോപാലനും അമ്മ കൗസല്യയും നേരത്തെ മരിച്ചിരുന്നു. കുറ്റ്യാട്ടൂർ ഗ്രാമം കണ്ണീർ കുതിർന്നാണ് പ്രജിത്തും ഭാര്യ റീഷയ്ക്കും യാത്രാമൊഴി നല്‍കിയത്.

പ്രണയ വിവാഹമായിരുന്നു പ്രജിത്തും ഭാര്യ റീഷയുടെയും. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇരുവരും. നൂറുക്കണക്കിന് ആളുകളാണ് സംഭവമറിഞ്ഞ് ഇരുവരുടെയും വീടുകളിൽ എത്തിയത്. ഇന്നലെ വൈകിട്ട് 6ന് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പ്രജിത്തിന്റെയും റീഷയുടെയും മൃതദേഹങ്ങൾ ആദ്യം റീഷയുടെ വീട്ടിലെത്തിച്ചത്. മാതാപിതാക്കളായ വിശ്വനാഥനും ശോഭനയും ശ്രീപാർവതിയും അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ നാട് നിറകണ്ണുകളോടെയാണ് സാക്ഷിയായത്. പ്രദേശത്തെ സാമൂഹിക– സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു പ്രജിത്ത്. ശ്രീപാർവതി പഠിക്കുന്ന കുറ്റ്യാട്ടൂർ കെഎകെഎൻഎസ്എയുപി സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു പ്രജിത്.

Eng­lish Summary:Prajit and Ree­sha’s daugh­ter Sreepar­vati gave them a final kiss

You may also like this video

Exit mobile version