Site iconSite icon Janayugom Online

ബലാത്സംഗക്കേസില്‍ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍

വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജനതാദള്‍ (എസ് ) മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി. ബംഗളൂരുവിലെ എംപി/എംഎല്‍എമാര്‍ക്കായുള്ള പ്രത്യേക കോടതിയാണ് ഉത്തരവ് പുറപ്പെടുവച്ചത്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനായ രേവണ്ണയുടെ ശിക്ഷ നാളെ വിധിക്കും .

തന്റെ ഫാം ഹൗസില്‍ വെച്ച് മുന്‍ വേലക്കാരിയെ ബലാത്സംഗം ചെയ്യുകയും, അശ്ലീല വീഡിയോ പകര്‍ത്തുകയും ചെയ്ത കേസിലാണ് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഹാസന്‍ മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ നാല് ലൈംഗിക പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.2021 മുതല്‍ പ്രജ്വല്‍ രേവണ്ണ തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തുവെന്നും, സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ പീഡനത്തിന്റെ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വേലക്കാരി ആരോപിച്ചിരുന്നു.

കേസില്‍ കോടതി പ്രജ്വല്‍ രേവണ്ണയെയും 26 സാക്ഷികളെയും വിസ്തരിച്ചു. തുടര്‍ന്നാണ് ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണി, സ്വകാര്യ ചിത്രങ്ങള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്.വിധി കേള്‍ക്കാനായി പ്രജ്വല്‍ രേവണ്ണയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി കോടതി വിധി പ്രസ്താവിച്ചപ്പോള്‍ പ്രജ്വല്‍ രേവണ്ണ അസ്വസ്ഥനായി കാണപ്പെട്ടു. കഴിഞ്ഞ 14 മാസമായി ബംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് മുന്‍ പാര്‍ലമെന്റംഗമായ പ്രജ്വല്‍ രേവണ്ണ. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ സഹോദരന്‍ എച്ച് ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍.

Exit mobile version