Site iconSite icon Janayugom Online

പ്രണയപ്പകയിലൊടുങ്ങുന്നത്

കൈമാറ്റം ചെയ്യപ്പെടുന്ന
ഹൃദയങ്ങളിലാണ്
പ്രണയമൊരു വേരായി
ആഴ്ന്നിറങ്ങുന്നത്
വെള്ളവും വളവും
വലിച്ചെടുത്തവ
വസന്തത്തിന് വഴികാട്ടുന്നു
പ്രതീക്ഷതെറ്റിച്ചെത്തിയ
വിസമ്മതക്കാറ്റിൽ
വേര് വസന്തത്തോട്
പിണക്കമോതുന്നു
അതില്പിന്നെ
മണ്ണിൽനിന്നടർത്തിമാറ്റാൻ
പ്രതികാരം കോർത്ത്
വേരിലേക്കൊരു
ചൂണ്ടയെറിയുന്നു
ആളിപ്പടർന്ന പകയിൽ
പുകഞ്ഞൊടുങ്ങാതിരിക്കാൻ
മറവിയുടെ കൈപിടിച്ച്
വേര് അതിജീവനത്തിന്റെ
നാര് പടർത്തുന്നു
മണ്ണിലമർന്ന്
പൊരുതുന്നതിനിടെ
നൈമിഷികതയിലൂതിക്കാച്ചിയ
ഉൾക്കനലിൽ ഛേദിക്കപ്പെട്ട്
വിഷം തളിക്കപ്പെട്ട്
ചിലപ്പോൾ പിഴുതെറിയക്കപ്പെട്ട്
മറ്റുചിലപ്പോൾ
സ്വയമുണങ്ങിയടക്കംവയ്ക്കുന്നു
പകക്കൊടുവിലെ ജീവശ്വാസങ്ങള്‍
വേരിനോടുള്ള
പകയിലൊടുങ്ങുന്ന
വസന്തങ്ങൾ
ഋതുഭേദങ്ങളോട് പൊരുതാൻ
കെൽപ്പില്ലാത്ത
വ്യാജനിർമിതികൾ മാത്രമാണ്

Exit mobile version