രാജ്യത്തെ ഏറ്റവും ശക്തവും വിശ്വസ്തവുമായ ദൃശ്യമാധ്യമമായ ന്യൂ ഡൽഹി ടെലിവിഷൻ (എന്‍ഡിടിവി) കുത്തക ഭീമന്‍ ഗൗതം അഡാനിയുടെ കെെകളിലേക്ക്. മാതൃ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നും സ്ഥാപകൻ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവച്ചു. അഡാനി ഗ്രൂപ്പിന്റെ പ്രതിനിധികളായി സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരെ നിയോഗിച്ചതിന് പിന്നാലെയാണ് പ്രണോയ് റോയിയുടെ രാജി. അഡാനി ഗ്രൂപ്പിന്റെ സിഇഒമാരില്‍ ഒരാളും മുഖ്യ ടെക്‌നോളജി ഓഫീസറുമാണ് സുദീപ്ത. ബിജെപിയുടെയും അഡാനിയുടെയും താല്പര്യ സംരക്ഷണം നടത്തുന്ന മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചവരാണ് സഞ്ജയും സെന്തിലും.
എൻഡിടിവിയുടെ പ്രൊമോട്ടർ കമ്പനിയായ ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ നിന്നാണ് ഇരുവരും രാജിവച്ചത്. എൻഡിടിവിയുടെ ചെയർപേഴ്സണാണ് പ്രണോയ് റോയ്; രാധിക എക്സിക്യൂട്ടീവ് ഡയറക്ടറും. ആർആർപിആർ/പ്രണോയ് റോയ് രാധിക റോയ് ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡാണ് എൻഡിടിവിയുടെ പ്രൊമോട്ടർമാർ. പ്രൊമോട്ടർ കമ്പനിയിൽ നിന്നും രാജിവച്ചെങ്കിലും ചാനലിന്റെ ഡയറക്ടർ ബോർഡിൽ നിന്നും ഇവര്‍ ഒഴിവായിട്ടില്ല. സംഭവവികാസങ്ങള്‍ക്കു പിന്നാലെ മഗ്സാസെ അവാര്‍ഡ് ജേതാവു കൂടിയായ പ്രമുഖ അവതാരകന്‍ രവീഷ് കുമാറും എന്‍ഡിടിവി വിട്ടു. രവീഷ് കുമാറിന്റെ രാജി ഉടന്‍ പ്രാബല്യത്തില്‍ വന്നതായി എന്‍ഡിടിവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മാധ്യമസ്ഥാപനം ഏറ്റെടുക്കാനുള്ള അഡാനി ഗ്രൂപ്പിന്റെ നീക്കം അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ ആഴ്ച ആദ്യം അഡാനി ഗ്രൂപ്പിന്റെ പ്രതിനിധികളായ സുദീപ്ത, സഞ്ജയ്, സെന്തിൽ സിന്നയ്യ എന്നിവര്‍ ആർആർപിആറിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. പുഗാലിയയാണ് അഡാനി ഗ്രൂപ്പിന്റെ മാധ്യമ സംരംഭങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എഡിറ്റർ ഇൻ ചീഫും. പ്രണോയ്-രാധിക ദമ്പതികളുടെ കൈവശമുള്ള ആർആർപിആർ ഹോൾഡിങ്ങിന്റെ 29.18 ശതമാനം ഓഹരികൾ അഡാനി ഗ്രൂപ്പിന്റെ വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് (വിസിപിഎൽ) കൈമാറിയിരുന്നു. ഇത്രയും ഓഹരികള്‍ ലഭിച്ചു കഴിഞ്ഞതിനാല്‍ വിപണിയില്‍ നിന്നും ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ ചെറുകിട ഓഹരി ഉടമകള്‍ കൂടിയ വിലയ്ക്ക് നല്കാന്‍ തയാറാകുമെന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ 26 ശതമാനം ഓഹരികൾ ഓപ്പൺ ഓഫർ പ്രകാരം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു.
നവംബർ 22ന് ആരംഭിച്ച ഓഫർ ഡിസംബർ അഞ്ചിന് അവസാനിക്കും. ഇതുകൂടിയായാല്‍ കമ്പനിയുടെ 55.18 ഓഹരികൾ അഡാനിയുടെ സ്വന്തമാകും. എന്‍ഡിടിവിയുടെ ചില ഓഹരികള്‍ വിപണിയില്‍ അഡാനി ഗ്രൂപ്പിന് കൈമാറിയെന്ന് കഴിഞ്ഞ ദിവസം ആഗോള ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2009ൽ, റിലയൻസുമായി ബന്ധമുള്ള വിസിപിഎൽ എന്ന സ്ഥാപനത്തിൽ നിന്ന് പ്രണോയ് എടുത്ത പലിശരഹിത വായ്പയാണ് പിന്‍വാതിലിലൂടെ എന്‍ഡിടിവിയെ സ്വന്തമാക്കാന്‍ അഡാനിക്ക് വഴിയൊരുക്കിയത്. ഓഗസ്റ്റില്‍ അഡാനി ഗ്രൂപ്പ് വിസിപിഎൽ ഏറ്റെടുത്തു. തുടര്‍ന്ന് വായ്പയ്ക്ക് പകരമായി ന്യൂസ് ഗ്രൂപ്പിലെ 29.18 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ കമ്പനി വാറന്റ് പുറപ്പെടുവിച്ചിരുന്നു. വാറന്റുകൾ ഇക്വിറ്റിയാക്കി മാറ്റി ആർആർപിആറിന്റെ ഭൂരിഭാഗം ഓഹരികളും അഡാനി ഗ്രൂപ്പിന് നല്കുകയായിരുന്നു.
ഇല്ലാതാകുന്നത് മുഖം നോക്കാത്ത മാധ്യമവിമര്‍ശനം
1988ലാണ് പ്രണോയ് റോയിയും രാധികാ റോയിയും ചേർന്ന് എൻഡിടിവി സ്ഥാപിച്ചത്. രാഷ്ട്രീയം നോക്കാതെ ഭരണകൂടങ്ങളെ വിമർശിക്കുന്ന ഒരു മുഖ്യധാരാ ചാനലായാണ് എന്‍ഡിടിവി വിലയിരുത്തപ്പെടുന്നത്. പ്രൈം ടൈം വിത്ത് രവീഷ് കുമാർ തുടങ്ങിയ പരിപാടികള്‍ ഏറെ ശ്രദ്ധേയമാണ്.
ഇക്കഴിഞ്ഞ ജൂണിൽ ഓക്‌സ്‌ഫഡ് സര്‍വകലാശാലയിലെ റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയില്‍ രാജ്യത്തെ ഏറ്റവും ജനപ്രിയ ചാനലായി രണ്ടാം തവണയും എന്‍ഡിടിവിയെ തിരഞ്ഞെടുത്തിരുന്നു. ‘ദി വേൾഡ് ദിസ് വീക്ക്’ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് ടെലിവിഷൻ പ്രോഗ്രാമുകളിലൊന്നായി വിലയിരുത്തപ്പെട്ടു.
English Summary: Prannoy Roy and Radhika Roy resign from NDTV board
You may also like this video: