പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ സെന്‍സര്‍ ചെയ്ത് പ്രസാര്‍ ഭാരതി. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്റെയും പ്രസംഗങ്ങളിലാണ് നടപടി.
പ്രതിപക്ഷ നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങളും വാക്കുകളുമാണ് നീക്കിയത്. വര്‍ഗീയ സര്‍ക്കാര്‍, കാടന്‍ നിയമങ്ങള്‍, മുസ്ലിം എന്നീ പരാമര്‍ശങ്ങള്‍ക്കാണ് വിലക്ക്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം.
സീതാറാം യെച്ചൂരിയുടെ പ്രസംഗത്തിലെ രണ്ട് വാക്കുകൾ നീക്കം ചെയ്യുകയും ഭരണത്തിന്റെ പാപ്പരത്തം എന്ന പ്രയോഗം മാറ്റാനാവശ്യപ്പെടുകയും ചെയ്തു. മുസ്ലിങ്ങളെന്ന വാക്ക് നീക്കം ചെയ്യാനാണ് ദേവരാജനോട് ആവശ്യപ്പെട്ടത്. തന്റെ ഹിന്ദി പ്രസംഗത്തില്‍ തിരുത്തല്‍ ഒന്നുമുണ്ടായില്ലെന്നും അതിന്റെ നേര്‍ പരിഭാഷയായ ഇംഗ്ലീഷ് പ്രഭാഷണത്തിലാണ് പ്രസാര്‍ഭാരതി ഇടപെട്ടതെന്നും ഇത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും യെച്ചൂരി പറഞ്ഞു.
വിവാദമായ പൗരത്വഭേദഗതി നിയമത്തിലെ വിവേചനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അതിലെ മുസ്ലിം എന്ന പദമാണ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്ന് ദേവരാജന്‍ പറഞ്ഞു. താന്‍ വിനിമയം ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിന്റെ പൂര്‍ണതയ്ക്കായി മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടതുണ്ടെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
English Summary: Prasar Bharti censors speeches of opposition leaders
You may also like this video