Site iconSite icon Janayugom Online

മലയാളികളെ ‘വരച്ച വരയിൽ’ നിർത്തിയ പ്രതിഭ ; കാർട്ടൂണിസ്റ്റ് യേശുദാസ് ഓർമ്മയായിട്ട് ഇന്ന് മൂന്ന് വർഷം

മലയാളികൾക്ക് ചിരിയുടെ ഞെട്ടലുകൾ സമ്മാനിച്ച വരയുടെ തമ്പുരാൻ കാർട്ടൂണിസ്റ്റ് യേശുദാസ് ഓർമ്മയായിട്ട് ഇന്ന് മൂന്ന് വർഷം. ചിരിയും ചിന്തകളും കൊണ്ട് വായനക്കാരെ അദ്ദേഹം ‘വരച്ച വരയിൽ’ നിർത്തിയപ്പോൾ കേരളത്തിനത് നവ്യാനുഭവമായി . ബിഎസ്‌സി പാസായ ശേഷം എന്‍ജിനീയര്‍ ആകണമെന്ന മോഹവുമായി നടന്ന യേശുദാസ് ചെന്നെത്തിയത് വരകളുടെ ലോകത്തായിരുന്നു. കൊല്ലം കടപ്പാക്കടയിലെ ജനയുഗം ഓഫീസിൽ യാദൃശ്ചികമായി എത്തിയ അദ്ദേഹം കാമ്പിശേരി കരുണാകരനെയും വൈക്കം ചന്ദ്രശേഖരന്‍നായരെയും പത്രാധിപര്‍ എന്‍ ഗോപിനാഥന്‍നായരുടെയും കണ്ടു . ജനയുഗത്തിന്റെ വായനാനുഭവങ്ങളും ആകർഷണീയതയും യേശുദാസൻ അവരുമായി പങ്കുവെച്ചു. വരയിൽ താൽപര്യമുണ്ടായിരുന്നു യേശുദാസൻ വൈക്കം ചന്ദ്രശേഖരൻ നായരുടെ നിര്‍ദ്ദേശപ്രകാരമാണ് ‘ചന്തു’ എന്ന പേരില്‍ ജനയുഗം ആഴ്ചപ്പതിപ്പില്‍ കാര്‍ട്ടൂണ്‍ പരമ്പര ആരംഭിച്ചത് .പിന്നീട് ജനയുഗം പത്രത്തിലും കാര്‍ട്ടൂണുകള്‍ വരക്കാൻ തുടങ്ങി. യേശുദാസന്‍റെ ഇരുണ്ട പെൻസിൽ മുനകളുടെ മൂർച്ച അറിയാത്ത ഒരു രാഷ്​ട്രീയക്കാരും പൊതുപ്രവർത്തകരും ഒരുകാലത്ത്​ കേരളത്തിൽ ഉണ്ടായിരുന്നില്ല. യേശുദാസ​ൻ ബ്രഷ്​ സ്റ്റാൻഡിൽ നിന്നെടുത്ത്​ തൊടുത്തുവിട്ട വിമർശനത്തിന്‍റെയും ആക്ഷേപഹാസ്യത്തിന്‍റെയും ശരങ്ങൾ കൊള്ളേണ്ടിടത്തുതന്നെ കൊള്ളുകയും ചെയ്​തിരുന്നു. ബ്രഷ്​ സ്റ്റാൻഡിൽ ബ്രഷുകൾക്കൊപ്പം തന്നെയും വരച്ചിരുത്തി, അടിയിൽ യേശുദാസൻ എന്ന്​ ഒപ്പിട്ട്​ കലാജീവിതത്തെ അടയാളപ്പെടുത്തിയിരുന്ന അ​ദ്ദേഹം നിത്യവും കണ്ടു പരിചയിച്ച പല മുഖങ്ങളെയും കാർട്ടൂണുകളിലും കാരിക്കേച്ചറുകളിലും കോറിയിട്ടു. വായനക്കാരെ ഏറെ ചിരിപ്പിച്ച കിട്ടുമ്മാവനും മിസിസ് നായരും (മിസ്റ്റര്‍ നായരും) പൊന്നമ്മ സൂപ്രണ്ടും എല്ലാം അദ്ദേഹത്തിന്റെ പരിചയക്കാർ തന്നെയായിരുന്നു.
ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസന്‍ കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക അധ്യക്ഷനായും ലളിതകലാ അക്കാദമി ഉപാധ്യക്ഷനായും പ്രവർത്തിച്ചു .

മന്നം മര കുതിരപുറത്ത് ; ചർച്ചയായി കാർട്ടൂൺ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വിമോചനസമരം കൊടുമ്പിരികൊണ്ട കാലം. കോൺഗ്രസിന്റെ പിന്തുണയോടെ സമുദായിക നേതാക്കളും സർക്കാരിനെതിരെ സമര രംഗത്തുണ്ട്. ‘എന്റെ പടക്കുതിരയെ ഞാന്‍ ഇഎംഎസിന്റെ മുമ്പില്‍ കൊണ്ടുപോയി കെട്ടും’ എന്ന മന്നത്ത് പത്മനാഭന്റെ വാക്കുകൾ യേശുദാസന്‍ കാര്‍ട്ടൂണിന് വിഷയമാക്കി. മന്നം ഒരു മരക്കുതിരപ്പുറത്ത് നില്‍ക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. അത് ജനയുഗത്തിന്റെ മുഖപേജിലും മറ്റ് ഭാഷകളിലെ കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ചുവന്നു. കേരളത്തിലെങ്ങും കാർട്ടൂൺ വളരെയേറെ ചര്‍ച്ചാവിഷയമായി. വിമോചനസമരകാലത്ത് ജാഥകളില്‍ ‘കണ്ടോടാ കണ്ടോടാ മരക്കുതിരയെ കണ്ടോടാ’ എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടു. വിമോചനസമരം കഴിഞ്ഞപ്പോള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ കോട്ടയത്ത് മന്നത്തിന് ഒരു വലിയ സ്വീകരണം സംഘടിപ്പിച്ചു. അതില്‍ ഒരു പത്രാധിപരും വ്യവസായിയുമായിരുന്ന എം വി ജോര്‍ജ്ജ് മന്നത്ത് പ­ത്മനാഭന് നല്‍കിയത് ഒരു മരക്കുതിരയുടെ രൂപമായിരുന്നു. അത്രയേറെ ജനമനസുകളിൽ സ്വാധീനം ചിലത്തുവാൻ യേശുദാസന്റെ കാർട്ടൂണിന് കഴിഞ്ഞു.

ചിത്രകലയിൽ വാസനയുള്ള കുടുംബം
യേശുദാസനെ പള്ളിയിലച്ചനാക്കണമെന്നായിരുന്നു വീട്ടുകാരുടെ മോഹം. മാമോദീസ മുക്കാന്‍ ചെന്നപ്പോള്‍ കു­ഞ്ഞിന്റെ ചന്തം കണ്ട് പള്ളിയിലച്ചൻ യേശുദാസന്‍ എന്ന് വിളിച്ചു. അമ്മ ബഡ്ഷീറ്റുകളില്‍ ചിത്രപ്പണി നടത്തുന്നത് കണ്ടാണ് യേശുദാസന് വരയിലേക്ക് ആകർഷണം ഉണ്ടായത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് നിലത്തിരുന്ന് ചിത്രം വരയ്ക്കുമായിരുന്നു. മൂത്ത രണ്ട് ജ്യേഷ്ഠന്‍മാര്‍ക്കും ചിത്രകലയില്‍ വാസനയുണ്ടായിരുന്നു. മൂത്തയാള്‍ പില്‍ക്കാലത്ത് ഡ്രോയിങ് മാഷായി. ഇളയയാള്‍ ഓയില്‍ പെയിന്റിങ് നടത്തുമായിരുന്നു. വീട്ടിലെ ഈ അന്തരീക്ഷമാകാം യേശുദാസനെ വരകളുടെ ലോകത്തേയ്ക്ക് അടുപ്പിച്ചത്.

മലയാളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂൺ ആയി ജനയുഗത്തിലെ ‘കിട്ടുമ്മാവന്‍’

എം എന്‍ ഗോവിന്ദന്‍നായരും കാമ്പിശേരി കരുണാകരനും കൂടിയാണ് യേശുദാസനെ ജനയുഗത്തിലേക്ക് ക്ഷണിച്ചത് . ഒരു കമ്മ്യൂണിസ്റ്റ് പത്രത്തില്‍ ജോലിക്കയയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് അത്ര ഇഷ്ടം തോന്നിയില്ല. എന്നാല്‍ യേശുദാസന്റെ ഇഷ്ടത്തിന് മുന്നില്‍ അവര്‍ വഴങ്ങി. അങ്ങനെയാണ് അദ്ദേഹത്തെ ജനയുഗത്തിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി നിയമിക്കുന്നത്. മലയാളം പത്രങ്ങളില്‍ ആ തസ്തികയിലുള്ള ആദ്യത്തെ നിയമനമായിരുന്നു അത്. മലയാള ദിനപത്രങ്ങളില്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ ജനയുഗത്തിലെ ‘കിട്ടുമ്മാവ’ന്‍ ആണ്. പത്രാധിപര്‍ എന്‍ ഗോപിനാഥന്‍നായരായിരുന്നു. ഇങ്ങനെയൊരു ആശയം മുന്നോട്ട് വച്ചത്. അതിന് ‘കിട്ടുമ്മാവന്‍’ എന്ന പേര് നിര്‍ദ്ദേശിച്ചതാകട്ടെ തെങ്ങമം ബാലകൃഷ്ണനും. പില്‍ക്കാലത്ത് ഇതിന്റെ ചുവടുപിടിച്ച് മറ്റ് മലയാള പത്രങ്ങളിലും പോക്കറ്റ് കാര്‍ട്ടൂണും സ്ഥാനം പിടിച്ചു.

കാർട്ടൂണിസ്റ്റ് ശങ്കറുമായി അടുക്കുന്നു

കാർട്ടൂണിസ്റ്റ് ശങ്കറുമായുള്ള ബന്ധം യേശുദാസന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. അക്കാലത്ത് ഏതൊരു കാര്‍ട്ടൂണിസ്റ്റും അഭിമാനമായി കണ്ടിരുന്നതാണ് ശങ്കേഴ്സ് വീക്കിലിയിലെ ജോലി. ജനയുഗം മാനേജ്‌മെന്റിന്റെ പൂര്‍ണ സമ്മതത്തോടെ യേശുദാസൻ ശങ്കേഴ്സ് വീക്കിലിയുടെ ഭാഗമായി. ആറ് വര്‍ഷം അദ്ദേഹം അവിടെ ജോലി ചെയ്തു. കാര്‍ട്ടൂണിസ്റ്റ് ശങ്കറിനൊപ്പമുള്ള ആറ് വര്‍ഷം തന്റെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതായിരുന്നു എന്നാണ് യേശുദാസന്‍ വിശേഷിപ്പിച്ചത്. വര ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആ ഭാഗങ്ങളിലൊക്കെ ഗുണനചിഹ്നമിടുന്ന സ്വഭാവം ശങ്കറിനുണ്ട്. എന്ത് വരയ്ക്കുന്നോ അതിന് പൂര്‍ണത വേണം; വിശദാംശങ്ങള്‍ വിട്ടുകളയാനും പാടില്ല. പാര്‍ലമെന്റ് സമ്മേളന കാലത്ത് കൃത്യമായി യേശുദാസന് അതില്‍ പങ്കെടുക്കാന്‍ പാസ് എടുത്ത് നല്‍കും. പൊതുസമ്മേളന സ്ഥലങ്ങളില്‍ വെറുതെ പോയി പ്രസംഗം കേള്‍ക്കണം. ഓരോ നേതാവിന്റെയും വേഷം, തൊപ്പി ധരിക്കുന്ന രീതി, ചെരുപ്പ് ഇടുന്നതിലെ പ്രത്യേകത, പ്രസംഗിക്കുമ്പോള്‍ കാട്ടുന്ന ചേഷ്ടകള്‍ അങ്ങനെയെല്ലാം ചിത്രത്തില്‍ പതിയണം. ഉദാഹരണത്തിന് പട്ടത്തിന്റെ മൂക്കിന് താഴെയുള്ള അരിമ്പാറ, ശങ്കറിന്റെ ഞെളിവ്, നയനാരുടെ മുന്‍വരി പല്ലിലെ വിടവ് അങ്ങനെ പോകുന്നു നിരീക്ഷണം. ശങ്കേഴ്സ് വീക്‌ലിയില്‍ ‘റയില്‍വേ സ്റ്റേഷന്‍’, ‘കേവ്മാന്‍’ എന്ന സ്ഥിരം പംക്തികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വീക്കിലിയുടെ ഫിലിം പേജും പില്‍ക്കാലത്ത് യേശുദാസന്‍ തന്നെയാണ് അണിയിച്ചൊരുക്കിയത്.

ബാലയുഗം എഡിറ്ററാകുന്നു
ജനയുഗം , ബാലയുഗം എന്ന പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ അതിന്റെ എഡിറ്ററാകാന്‍ യേശുദാസന് ക്ഷണമുണ്ടായി. അന്ന് എംപിയായിരുന്ന സി അച്യുതമേനോനാണ് ഈ ആവശ്യം ഉന്നയിച്ചത്. അതനുസരിച്ച് ശങ്കേഴ്സ് വീക്കി‌ലി വിട്ട് യേശുദാസന്‍ വീണ്ടും ജനയുഗത്തിന്റെ ഭാഗമായി. പില്‍ക്കാലത്ത് ബാലയുഗം വിട്ട് ‘അസാധു’, ‘കട്ട്കട്ട്’, ‘ടക്‌ടക്’ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ സ്വന്തമായി തുടങ്ങി. 1985ല്‍ അദ്ദേഹം മനോരമയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നു. തനിക്ക് മൂന്ന് ഗുരുക്കന്മാരാണ് ഉള്ളതെന്ന് യേശുദാസന്‍ പലപ്പോഴും പറയാറുണ്ട്. കാമ്പിശേരി കരുണാകരന്‍, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, കെ എം മാത്യു എന്നിവരാണവര്‍. അണിയറ, പ്രഥമദൃഷ്ടി, വരയിലെ നയനാര്‍, വരയിലെ ലീഡര്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ യേശുദാസന്റേതാണ്. രണ്ട് മലയാള ചലച്ചിത്രങ്ങള്‍ക്ക് സംഭാഷണവും എഴുതി. ‘പഞ്ചവടിപ്പാല’വും ‘എന്റെ പൊന്നുതമ്പുരാനും’. ജനയുഗം രണ്ടാമത് ആരംഭിച്ചപ്പോള്‍ യേശുദാസന്‍ കിട്ടുമ്മാവന്‍ വീണ്ടും തുടങ്ങി. ഏതാനും ദിവസം മുമ്പ് രോഗബാധിതനായി ആശുപത്രിയിലാകുന്ന ദിവസം പോലും അദ്ദേഹം കിട്ടുമ്മാവന്‍ വരച്ചു. അത്രമാത്രം ആത്മബന്ധം പുലര്‍ത്തിയിരുന്ന കാര്‍ട്ടൂണായിരുന്നു കിട്ടുമ്മാവന്‍.

Exit mobile version