Site iconSite icon Janayugom Online

പ്രവേശനോത്സവം

“കത്രികയാണോ വേണ്ടത്?”
മിനുക്കുട്ടി ഉറക്കെ വിളിച്ചു ചോദിച്ചു.
“അതേ.”

രാഹുൽസാർ മറുപടി പറഞ്ഞു. കാര്യത്ത് എൽപി സ്കൂളിൽ എല്ലാരും പ്രവേശനോത്സവത്തിന്റെ ഓട്ടപ്പാച്ചിലിലാണ്. പ്രധാനാധ്യാപിക രൂപടീച്ചർ എല്ലായിടത്തും ഓടിനടക്കുന്നുണ്ട്. പുതിയതായി എത്തിയ കുഞ്ഞുങ്ങളുടെ വിങ്ങിക്കരച്ചിലുകൾ കേൾക്കുന്നുണ്ട്. മൈക്കിലൂടെ പ്രവേശനോത്സവഗാനം ഒഴുകുന്നുണ്ട്. നാലാംക്ലാസിലെ ഹിബ ഓടിക്കളിക്കുമ്പോൾ റാഹിലുമായി കൂട്ടിമുട്ടി ചോരയൊലിപ്പിച്ച് വന്നു — മഞ്ജുടീച്ചർ ഓടിവന്ന് മുറിവ് കഴുകി മരുന്നുവെച്ചു.
“മുറി ചെറുതാ. കരച്ചിൽ വല്ലാണ്ട് ഉണ്ട്” മഞ്ജു, രൂപടീച്ചറോട് പറഞ്ഞു. സാരമില്ല എന്നുപറഞ്ഞ് രൂപടീച്ചർ ഹിബയെ ചേർത്തുപിടിച്ചു. സമയം പത്ത് മണി. വർണാഭമായി അലങ്കരിച്ച സ്കൂളിലേക്ക് പ്രശസ്തകവി സിദ്ധാർത്ഥ് എത്തിച്ചേർന്നു. സിദ്ധാർത്ഥ് സാറിനെ സ്വീകരിക്കാൻ രൂപടീച്ചറും പിടിഎ പ്രസിഡന്റും പോയി.
“ഒത്തിരി തിരക്കിലായതാ ടീച്ചറേ, അതാ അല്പം വൈകിയത്.”
”സമയമായിട്ടേയുള്ളൂ.” ടീച്ചർ പറഞ്ഞു. 

ബലൂണുകളും വർണക്കടലാസുകളും കൊണ്ടും അലങ്കരിച്ച ഹാളിൽ രക്ഷിതാക്കളും കുഞ്ഞുങ്ങളും അതിഥികളും ഇരുന്നു. സ്വാഗതപ്രസംഗം രൂപടീച്ചർ നടത്തി. തുടർന്ന് വാർഡ് മെമ്പർ ഉദ്ഘാടനം നിർവഹിച്ചു. സിദ്ധാർത്ഥ് സാർ വിശിഷ്ടാതിഥിയാണ്. കുറേ കുട്ടിക്കവിതകളും കുഞ്ഞുകഥകളുമായി കുട്ടികൾക്കൊപ്പം സഞ്ചരിച്ചു. കുളത്തിൽ സന്തോഷമായി ജീവിച്ച താറാവിന്റെ കഥ സാറ് പറഞ്ഞപ്പോൾ എല്ലാവരും ഉത്സാഹത്തോടെ കേട്ടു നിന്നു. താറാവ് കുഞ്ഞുങ്ങളെ തിന്നാനായി ഒരു പാമ്പ് ഇഴഞ്ഞെത്തി എന്ന് മാഷ് പറഞ്ഞതേയുള്ളൂ. കുഞ്ഞുങ്ങളുടെ മുഖത്ത് മ്ലാനത നിറഞ്ഞു. അപ്പോൾ രണ്ടാംക്ലാസിലെ മഹിമ എഴുന്നേറ്റ് നിന്ന് പറഞ്ഞു, 

“സാറേ പാമ്പ് എല്ലാരേയും തിന്നോട്ടെ, എന്നാൽ കഥ വേഗം തീരും. പായസം കുടിച്ച് എനിക്ക് വീട്ടിൽ പോകാലോ.”
ഇതു കേട്ടവർ പൊട്ടിച്ചിരിച്ചു. ഉച്ചത്തിലുള്ള ചിരികേട്ട് മഹിമ താനൊന്നും പറഞ്ഞില്ലെന്ന മട്ടിൽ തലതാഴ്ത്തിയിരുന്നു. സിദ്ധാർത്ഥ് സാർ ചിരിച്ചുകൊണ്ട്
“അമ്പടീ പായസക്കൊതിച്ചീ ഇപ്പൊ നിർത്താട്ടോ എന്നുപറഞ്ഞു പ്രസംഗം അവസാനിപ്പിച്ചു. മഹിമ അപ്പോൾ ഉറക്കെ പറഞ്ഞു.
“എല്ലാരും വാ പായസം കുടിക്കാം”

Exit mobile version