ഓൺലൈൻ മുഖേന മുൻഗണനാ റേഷന്‍ കാർഡിനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി 24 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. ജനുവരി 24 മുതൽ ഈ മാസം 19 വരെ 50,300 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇത് എട്ടാം തവണയാണ് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നത്. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ എല്ലാ കുടുംബങ്ങളും മുൻഗണനാപട്ടികയിൽ ഉൾപ്പെടുന്നുവെന്നും അവർക്ക് അർഹമായ റേഷൻവിഹിതം ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.
മുൻഗണനാപട്ടികയുടെ ശുദ്ധീകരണം തുടർ പ്രക്രിയയാണ്. അതിദരിദ്രർ ഉൾപ്പെടുന്ന 8,531 കുടുംബങ്ങളെ പട്ടികയിൽ നിന്നും ഒഴിവാക്കിയെന്ന തരത്തിലുള്ള തെറ്റിദ്ധാരണാജനകമായ വാർത്തകൾ തള്ളിക്കളയണമെന്നും മന്ത്രി പറഞ്ഞു. തുടർച്ചയായി മൂന്ന് മാസത്തിലധികം റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗം കാർഡുകൾ പരിശോധനയ്ക്ക് വിധേയമാക്കി നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം അർഹരല്ലെന്ന് കാണുന്ന പക്ഷം അത്തരം കാർഡുകൾ പൊതുവിഭാഗത്തിലേക്ക് തരം മാറ്റണമെന്നാണ് ഭക്ഷ്യഭദ്രതാനിയമത്തിലെ വ്യവസ്ഥ. പ്രസ്തുത ഒഴിവിലേക്ക് അർഹരായവരെ ഉൾപ്പെടുത്തുന്നുമുണ്ട്.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുൻഗണന പട്ടികയിൽ നിന്നും ഒഴിവാക്കുന്ന കാർഡുകൾ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് സുതാര്യത ഉറപ്പുവരുത്തുവാൻ കൂടിയാണ്. ഈ സർക്കാർ കാലയളവിൽ 58,487 എഎവൈ കാർഡുകളും 545348 പിഎച്ച്എച്ച് കാർഡുകളും ഉള്‍പ്പെടെ ആകെ 603845 കാർഡുകൾ തരം മാറ്റി അനുവദിച്ചിട്ടുണ്ട്. വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ അനർഹരെ കണ്ടെത്തിയാണ് ഒഴിവുകളിലേക്ക് യഥാസമയം അപേക്ഷ ക്ഷണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

