Site iconSite icon Janayugom Online

അട്ടപ്പാടിയിലെ സുമതിയുടെ സ്വപ്നം

മൃഗങ്ങള്‍ സ്വപ്നങ്ങള്‍ നെയ്യുന്നുവോ എന്നറിയില്ല. എന്തായാലും മനുഷ്യകുലമാകെ സ്വപ്നങ്ങള്‍ നെയ്യുന്നവരാണ്. ഭക്ഷണം, വസ്ത്രം, കിടപ്പാടം, ഇണചേരല്‍, സന്താനസൗഭാഗ്യം എന്നീ സ്വപ്നങ്ങള്‍ നെയ്യുന്നവര്‍, രോഗം വരുമ്പോള്‍ അവര്‍ ധര്‍മ്മാശുപത്രിയെ സ്വപ്നം കാണും. മരുന്നുകളില്‍ മോഹമര്‍പ്പിക്കും. ഭരണകൂടങ്ങള്‍ക്കും സ്വപ്നങ്ങളുണ്ട്. അതാണ് സ്വപ്നപദ്ധതികള്‍. എന്നാല്‍ ഭരണകൂടങ്ങളുടെ സ്വപ്നങ്ങളില്‍ നമുക്കു വേണ്ടേ ഒരു മുന്‍ഗണനാക്രമം. മരണത്തിനു കാതോര്‍ത്തു കിടക്കുന്നവര്‍ക്ക്, പ്രസവത്തിന് ആശുപത്രിയിലെത്തേണ്ട പെണ്‍കൊടികള്‍ക്ക് അടിയന്തരസഹായം എത്തിക്കുന്നതിനെക്കാള്‍ വലുതാണോ ആകാശവിമാനങ്ങളും ബുള്ളറ്റ് ട്രെയിനുകളും? ഇത്രയും പറഞ്ഞുവരാന്‍ കാരണം ഇന്നലെ അട്ടപ്പാടിയില്‍ നിന്നും ഒരു ആദിവാസി യുവതി പ്രസവത്തിനായി നടത്തിയ ഒരു ദുരിതയാത്രയാണ്. അവളെ കൊണ്ടുപോകാന്‍ ഹെലികോപ്റ്റര്‍ വന്നില്ല. ബുള്ളറ്റ് ട്രെയിനും വന്നില്ല. മണിമഞ്ചലും എത്തിയില്ല. പഴന്തുണി മഞ്ചലില്‍ കാതങ്ങളോളം ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടിവന്നു. തുണിത്തൊട്ടിലില്‍ കിടന്ന് സുമതിയെന്ന ആ ഗര്‍ഭിണി അനുഭവിച്ച പ്രാണവേദന ആരറിയാന്‍. ആനപ്പേടിമൂലം വാഹനങ്ങള്‍ വരാത്ത ഉള്‍വനമായതിനാലാണ് തങ്ങള്‍ സുമതിയെ ചുമന്നതെന്ന് ഭര്‍ത്താവ് മുരുകന്‍. ഈ ആദിമഗോത്രസമൂഹമാണ് ഇന്നത്തെ പരിഷ്കൃതസമൂഹത്തിന്റെ മുന്‍മുറക്കാരെന്ന കാര്യം മറന്നുള്ള നമ്മുടെ ത്യാജ്യഗ്രാഹ്യ വിചാരമില്ലാത്ത സ്വപ്നപദ്ധതികള്‍ ആര്‍ക്കുവേണം! വയലാര്‍ പറഞ്ഞതുപോലെ ‘മരിച്ചു ചെന്നാല്‍ സ്വര്‍ഗകവാടം’ ഈ പാവങ്ങള്‍ക്കു വേണ്ടി തുറക്കുമത്രേ.

പക്ഷേ ജനിച്ചുപോയ് മനുഷ്യനായ് എനിക്കുമിവിടെ ജീവിക്കേണം എന്നു സ്വപ്നം കാണുന്നവരോട് സ്വര്‍ഗകവാടം കാട്ടിക്കൊടുക്കുന്നതു വിധിക്കുപോലും ചിരിവരുന്നൊരു ചതഞ്ഞ വേദാന്തമല്ലേ. അധ്വാനിക്കുന്ന കറുത്ത വര്‍ഗത്തിന്റെ സ്വപ്നസാക്ഷാത്ക്കാരമല്ലാത്ത മറ്റെന്തു സ്വപ്നപദ്ധതിയാണ് നമുക്കു വേണ്ടത്. എന്തായാലും സുമതിക്ക് സുഖപ്രസവമായിരുന്നു. പാവപ്പെട്ട ആദിവാസിക്കു വേണ്ടി നീക്കിവച്ച പദ്ധതി തുകയില്‍ എത്ര കോടികളാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ഇതുവരെ ഒരു കണക്കെടുക്കാന്‍പോലും ആയിട്ടില്ല. ഇതു പറഞ്ഞപ്പോഴാണ് ശനിയാഴ്ചയായിരുന്നു അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനമെന്നോര്‍ത്തത്. അന്താരാഷ്ട്ര കൊതുകുദിനവും സാര്‍വദേശീയ മൂട്ടദിനവും ഭൂലോക മൂട്ടദിനവും വരെ ആചരിക്കാന്‍ തീരുമാനിച്ച ഐക്യരാഷ്ട്രസഭ പോലും എത്രയോ വൈകിയാണ് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം പ്രഖ്യാപിച്ചത്. പുരാതനകാലത്ത് അഴിമതിക്കെതിരെ ബാബിലോണിയയില്‍ ഹമുറാബിചട്ടവും ഈജിപ്റ്റില്‍ ഹോറൈഹെബാല്‍ നിയമവും ഇന്ത്യയില്‍ കൗടില്യശാസ്ത്രവുമൊക്കെ ഉദയം ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ ദിനാചരണ പ്രഖ്യാപനം ഇത്രയേറെ വൈകിയതിനു പിന്നിലും അന്താരാഷ്ട്ര അഴിമതി മാഫിയകളുടെ കറുത്ത കരങ്ങളുണ്ടോ! ലോകത്തെ അഴിമതി രാഷ്ട്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ അഴിമതിക്കാരുടെ കീശകളിലേക്ക് ഓരോ വര്‍ഷവും എത്ര ദശലക്ഷം കോടി രൂപയാണ് വാര്‍ന്നുവീഴുന്നതെന്നതിന് വല്ല കണക്കുമുണ്ടോ. ഗുജറാത്തിലെ മോര്‍ബിയില്‍ പാലം തകര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെട്ടു.


ഇതുകൂടി വായിക്കൂ: മാനിഷാദാ 


ശതകോടിയുടെ ആ പാലം പുനര്‍നിര്‍മ്മാണത്തിന് ചെലവഴിച്ചത് 22 ലക്ഷം രൂപ മാത്രം. ബാക്കി തുക മുഴുവന്‍ പോയത് ബിജെപിയുടെയും ബിജെപിക്കാരനായ കരാറുകാരന്റെയും സ്ഥലത്തെ ബിജെപി എംഎല്‍എമാരുടേയും കീശകളിലേക്ക്. പക്ഷേ ഈയടുത്ത തെരഞ്ഞെടുപ്പു നടന്നപ്പോള്‍ മോര്‍ബിയില്‍ ബിജെപിക്കു വര്‍ധിത ഭൂരിപക്ഷം. രാജ്യത്ത് അഴിമതിയെ തേനും പാലുമൂട്ടി വളര്‍ത്തുന്നത് ജനങ്ങള്‍ തന്നെയാണെന്നു സാക്ഷ്യമാവുന്നു മോര്‍ബി. നാം മലയാളികളും മോശക്കാരല്ല. കൈക്കൂലി കൊടുത്തില്ലെങ്കില്‍ ഒരു സുഖമില്ല എന്ന മനോനിലയാണ് നമുക്ക്. വില്ലേജ് ഓഫീസില്‍ പോക്കുവരവു ചെയ്യാന്‍ പണമടച്ച് സര്‍ട്ടിഫിക്കറ്റ് കിട്ടുമ്പോള്‍ എന്റെയൊരു സന്തോഷത്തിന് ഇതിരിക്കട്ടെ സര്‍ എന്നു പറഞ്ഞ് കനത്ത പണപ്പൊതി വില്ലേജ് ഓഫീസര്‍ക്ക് സമ്മാനിക്കുന്ന മലയാളി. ഗതാഗത നിയമം ലംഘിച്ചതിന് പൊലീസ് പെറ്റിയടിക്കുന്നത് 500 രൂപ. കേസില്‍ നിന്നൊഴിവാകാന്‍ പൊലീസുകാരന് ആയിരം രൂപ കൈമടക്കു നല്കുന്നതും പ്രബുദ്ധ മലയാളി. ഇതിനെല്ലാമിടയിലാണ് ദേ, അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം എന്ന കാപട്യകലാപരിപാടി. ഇന്ത്യ ഇന്ത്യക്കാര്‍ക്കു വേണ്ട എന്ന സ്ഥിതിയിലേക്ക് നമ്മുടെ പ്രിയങ്കരനായ മോഡി കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ 16 ലക്ഷം പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിച്ച് അങ്ങോട്ടു ചേക്കേറിയതെന്ന് കേന്ദ്രത്തിന്റെ തന്നെ കണക്ക്.

ഓരോ വര്‍ഷവും ഈ സംഖ്യ കൂടിക്കൊണ്ടേയിരിക്കുന്നു. ഇന്ത്യ ജീവിക്കാന്‍ കൊള്ളാത്ത രാജ്യമായിത്തീര്‍ന്നിരിക്കുന്നുവെന്ന് വിളംബരം ചെയ്യുന്ന കണക്കുകള്‍. ഈ വര്‍ഷം മാത്രം നാടുപേക്ഷിച്ചവര്‍‍ 1.83 ലക്ഷം. ലോകപട്ടിണി സൂചികയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ തൊഴിലില്ലായ്മയിലും പട്ടിണിമരണങ്ങളിലും അഗ്രഗണ്യര്‍. അഴിമതിയുടെയും നീരാളിപ്പിടിത്തത്തില്‍ അമരുന്ന രാജ്യം. സ്വജനപക്ഷപാതം കൊടികുത്തി വാഴുന്നു. ഇത്തരമൊരന്തരീക്ഷത്തില്‍ നാടുവിടുകതന്നെ ഭേദം. ‘എനിക്കുമിവിടെ ജീവിക്കേണം’ മനുഷ്യനായ്’ എന്ന വയലാര്‍ കവിതപോലെ ആത്മഗതം കൂറുന്ന ഇന്ത്യക്കാര്‍. ഇക്കണക്കിന് പോയാല്‍ അന്യരാജ്യങ്ങളെ നോക്കി അന്തരീക്ഷത്തിലിടിച്ചു മോഡിക്ക് പറയേണ്ടിവരും, ‘മേരേ സാരേ ദേശ് വാസിയോം!’ കാശുണ്ടാക്കാന്‍ എന്തെല്ലാം പദ്ധതികള്‍. തമിഴ്‌നാട്ടില്‍ ഒരു യുവതി സന്നദ്ധസംഘടനയ്ക്ക് പ്രതിമാസം മുലപ്പാല്‍ നല്കുന്നത് 44 ലിറ്റര്‍. ഇതിനിടെ ചൈനയില്‍ നിന്ന് മധുരമനോഹര മനോജ്ഞമായൊരു വാര്‍ത്ത. ഇന്ത്യന്‍ വിപണി ലാക്കാക്കി ചൈനയില്‍ നിന്ന് പെണ്ണുങ്ങളെത്തുന്നു. എന്നുവച്ച് പെണ്ണ് യഥാര്‍ത്ഥ പെണ്ണല്ല. നിര്‍മ്മിതബുദ്ധിയില്‍ ഉല്പാദിപ്പിക്കുന്ന യന്ത്രപ്പെണ്ണ്. മനുഷ്യമാംസത്തിനു സമാനമായ വസ്തുകൊണ്ട് നിര്‍മ്മിക്കുന്ന മൊഞ്ചത്തി. ഭക്ഷണം നല്കേണ്ട. മലമൂത്രവിസര്‍ജനമില്ല. മാളില്‍പോയി വമ്പന്‍ ഷോപ്പിങ് നടത്തണമെന്ന് ഭര്‍ത്താവിനെ നിര്‍ബന്ധിക്കില്ല. ഒന്നു പറഞ്ഞ് രണ്ടിന് ഭര്‍ത്താവിനെ തല്ലി കട്ലറ്റു പരുവമാക്കില്ല. ആകെ അനുസരണശീലയായ ഭാര്യ. അത്യാവശ്യ കാര്യങ്ങള്‍ ഭര്‍ത്താവിനോട് പറയും. സ്ത്രീധനം, ജാതകദോഷം എന്നിവ മൂലം പുരനിറഞ്ഞു നില്‍ക്കുന്ന ഭാരതീയ ചെക്കന്മാര്‍ക്ക് ഇനി കുടുംബജീവിതത്തിലേക്ക് പുതുപദം വയ്ക്കാം! ഇത്തരം ആണിനേയും മാര്‍ക്കറ്റിലിറക്കാത്തതെന്തെന്ന് ഇന്ത്യന്‍ യുവതികളും ചോദിച്ചു തുടങ്ങിയിരിക്കുന്നു! കാത്തിരിക്കുക, മാര്‍ച്ച് ഒന്നെത്തിക്കോട്ടെ.

Exit mobile version