Site iconSite icon Janayugom Online

പ്രീപോള്‍ സര്‍വേ ഫലം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു; ചട്ടലംഘനം നടത്തി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ

തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ സമൂഹമാധ്യമത്തിലൂടെ പ്രീ പോൾ സർവേ ഫലം പുറത്തുവിട്ട് ചട്ടലംഘനം നടത്തി മുൻ ഡിജിപിയും തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ആര്‍ ശ്രീലേഖ. ഇന്നലെ രാവിലെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ്, തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം എന്ന സർവേ ഫലം ശ്രീലേഖ പുറത്തുവിട്ടത്. സി ഫോർ സർവേ പ്രീ പോൾ ഫലം എന്ന പേരിലായിരുന്നു ശ്രീലേഖയുടെ പോസ്റ്റര്‍. വോട്ടെടുപ്പിന് ശേഷം മാത്രമേ പ്രീപോള്‍ സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാവൂ എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടമാണ് ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായിരുന്ന ശ്രീലേഖ ലംഘിച്ചത്. 

ശ്രീലേഖയുടെ പോസ്റ്റിനെതിരെ വിമര്‍ശനവും പരാതിയും ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടു. തുടര്‍ന്ന്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണച്ചുതമലയുള്ള സമിതിയിലെ സൈബര്‍ പൊലീസിനോട് വിഷയം പരിശോധിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടു. പോസ്റ്റ് ഉടൻ നീക്കണമെന്ന് സൈബര്‍ പൊലീസ് ശ്രീലേഖയോട് നിര്‍ദേശിച്ചു. പോസ്റ്റ് ഷെയര്‍ ചെയ്തവരോടും അത് നീക്കാൻ നിര്‍ദേശിച്ചു. തുടര്‍ന്ന് പോസ്റ്റ് നീക്കി ശ്രീലേഖ തടിയൂരുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ശ്രീലേഖ വിവാദത്തിലകപ്പെട്ടിരുന്നു. പ്രചാരണ പോസ്റ്ററുകളില്‍ ഐപിഎസ് എന്ന് ഉപയോഗിച്ചതാണ് പരാതിക്കിടയാക്കിയത്. 

Exit mobile version