Site iconSite icon Janayugom Online

മുലപ്പാലിലും പ്ലാസ്റ്റിക് സാന്നിധ്യം

breast feedingbreast feeding

ഏറ്റവും ശുദ്ധമായ ഭക്ഷ്യവസ്തുവെന്ന് കരുതിയിരുന്ന മുലപ്പാലിലും മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യം. ഒരു കൂട്ടം ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍മാരുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. നേരത്തെ രക്തത്തിലും പശുവിന്‍ പാലിലും മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മുലപ്പാലിലെ പ്ലാസ്റ്റിക് സാന്നിധ്യം ശിശുക്കളുടെ ആരോഗ്യത്തെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്ന ആശങ്കയിലാണ് ശാസ്ത്രലോകം.
പ്രസവം കഴിഞ്ഞ ഒരാഴ്ചമാത്രം പിന്നിട്ട ആരോഗ്യവതികളായ 34 അമ്മമാരില്‍ നിന്നാണ് മുലപ്പാല്‍ സാമ്പിള്‍ ശേഖരിച്ചത്. ഭൂരിഭാഗം സ്ത്രീകളിലും പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
നവജാത ശിശുക്കളുടെ ആരോഗ്യം, മറ്റ് ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ടോ എന്നിവ സംബന്ധിച്ചുള്ള വിശദമായ പഠനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും ഗവേഷക സംഘം നിരീക്ഷിച്ചു. കൂടാതെ മുലപ്പാലിന്റെ ഗുണങ്ങളേക്കാള്‍ ദോഷങ്ങളുണ്ടായേക്കാവുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്ന് ഗവേഷക സംഘത്തിന്റെ മേധാവി ഡോ. വാലന്റീന നൊഡാര്‍സ്റ്റെഫനോ പറഞ്ഞു. ആവശ്യമെങ്കില്‍ മുലപ്പാല്‍ നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്നും മലിനീകരണം തടയുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ രാഷ്ട്രീയക്കാരെ പ്രേരിപ്പിക്കുന്നതിന് ജനങ്ങളെ ബോധവല്ക്കരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പോളിമെര്‍സ് എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. പോളിയെതീന്‍, പിവിസി, പോളിപ്രൊപിലീന്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റികിന്റെ അംശങ്ങളാണ് കണ്ടെത്തിയത്. 2020ല്‍ മനുഷ്യരുടെ പ്ലാസന്റയില്‍ മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
അടുത്തിടെ നടത്തിയ മറ്റൊരു പഠനത്തില്‍ കുപ്പിപ്പാല്‍ കുടിക്കുന്ന കുട്ടികളിലേക്ക് കോടിക്കണക്കിന് മില്യണ്‍ മൈക്രോപ്ലാസ്റ്റിക് അംശങ്ങള്‍ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പശുവിലെ പാലിലും പ്ലാസ്റ്റിക് കണികകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭിണികള്‍ ഭക്ഷണകാര്യത്തില്‍ അതീവജാഗ്രത പാലിക്കണമെന്ന് നൊഡാര്‍സ്റ്റെഫനോ പറഞ്ഞു. 

Eng­lish Sum­ma­ry: Pres­ence of plas­tic in breast milk

You may like this video also

Exit mobile version