Site icon Janayugom Online

ചൊവ്വയിലെ ജലസാന്നിധ്യം: കൂടുതല്‍ തെളിവുകളുമായി ശാസ്ത്രലോകം

mars

ചുവന്ന ഗ്രഹത്തില്‍ ജലമുണ്ടെന്ന വാദത്തിന് കൂടുതല്‍ ശക്തി പകരുന്ന കണ്ടെത്തലുകളുമായി ബഹിരാകാശ ഗവേഷകര്‍.
ചൊവ്വയുടെ ദക്ഷിണധ്രുവത്തിലെ ഹിമമേഖലയില്‍ ഉപ്പു കലര്‍ന്ന വെള്ളമുണ്ടായിരുന്നുവെന്ന കണ്ടെത്തല്‍ 2018 ല്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്ററാണ് നടത്തിയത്.
ചൊവ്വയുടെ ഉപരിതലത്തില്‍നിന്നും ഒരു കിലോമീറ്റര്‍ താഴെ മഞ്ഞുകൊണ്ട് മൂടിപ്പുതച്ച് കിടക്കുന്ന നിലയിലാണ് 20 കിലോമീറ്റര്‍ ചുറ്റളവുള്ള ഭൂഗര്‍ഭ തടാകം കണ്ടെത്തിയത്. മാര്‍സിസ് എന്ന റഡാര്‍ സംവിധാനം ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് തടാകത്തിന്റെ പ്രതിഫലനം പതിഞ്ഞത്. എന്നാല്‍ തടാകത്തിനുപകരം അഗ്നിപര്‍വ്വതങ്ങളായിരിക്കാം ഈ പ്രതിഫലനത്തിന് കാരണമായതെന്നും ചില ശാസ്ത്രജ്ഞര്‍ വാദിക്കുന്നുണ്ട്.
ആദ്യ കണ്ടെത്തലില്‍ അംഗമായിരുന്ന ഡോ. ഗ്രാസിയല്ല കാപ്രറെല്ലി തലവനായ ഗവേഷകസംഘം പൂജ്യത്തിന് താഴെയുള്ള താപനിലയില്‍ കളിമണ്ണ്, ഉപ്പുവെള്ളം, ലവണജലം എന്നിവയില്‍ കൂടുതല്‍ ലബോറട്ടറി പരീക്ഷണങ്ങള്‍ നടത്തി. ഇതില്‍നിന്നുള്ള കണ്ടെത്തലുകളാണ് ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ നല്‍കുന്നത്.
ദക്ഷിണധ്രുവത്തിലെ ഹിമമേഖലയിലെ താപനില മൈനസ് 73 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്. ഈ താപനിലയില്‍ ജലം ഖര രൂപത്തില്‍ മാത്രമേ നിലനില്‍ക്കൂ. എന്നാല്‍ ചൊവ്വയുടെ മണ്ണില്‍ കാണപ്പെടുന്ന ലവണങ്ങള്‍ക്ക് ആന്റി-ഫ്രീസിങ് കഴിവ് ഉണ്ടെന്നും അതിനാല്‍ ദ്രാവക രൂപത്തില്‍ ജലത്തെ നിലനിര്‍ത്താന്‍ കഴിയുമെന്നും ഗവേഷകര്‍ കണ്ടെത്തി. ജീവന്‍ നിലനില്‍ക്കാനുള്ള അന്തരീക്ഷം ചൊവ്വയില്‍ ഉണ്ടാകാമെന്നുള്ളതിന്റെ തെളിവാണിതെന്നും ഡോ. കാപ്രറെല്ലി പറയുന്നു.
നാസയുടെ മാര്‍സ് റിക്കോനൈസന്‍സ് പേടകം നടത്തിയ ഗവേഷണങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതില്‍ ചൊവ്വയില്‍ 200 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജലം ഉണ്ടായിരിക്കാമെന്നുള്ള അനുമാനമാണ് മുന്നോട്ടുവയ്ക്കുന്നത്.

Eng­lish Sum­ma­ry: Pres­ence of water on Mars: Sci­en­tists with more evidence

You may like this video also

Exit mobile version