Site iconSite icon Janayugom Online

ശ്രീലങ്കയില്‍ ജൂലൈ 20ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെന്ന് സ്പീക്കര്‍

സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റ്. ഈമാസം 20നാണ് വോട്ടെടുപ്പ് നടത്തുക.നിലവിലെ പ്രസിഡന്റ് ഗോതബയ രജപക്‌സെ ഈ ബുധനാഴ്ച രാജി വെക്കാമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നീക്കത്തിലേക്ക് പാര്‍ലമെന്റ് കടന്നത്.സ്പീക്കര്‍ മഹീന്ദ യാപ അഭയ്‌വര്‍ധന തന്നെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് തിങ്കളാഴ്ച ഉത്തരവിറക്കിയത്.സ്പീക്കറുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായത്.പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍, ഭരണഘടനയ്ക്ക് അനുസൃതമായി ഒരു പുതിയ സര്‍വകക്ഷി സര്‍ക്കാര്‍ നിലവില്‍ വരേണ്ടത് അനിവാര്യമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

സര്‍വകക്ഷി സര്‍ക്കാരിനെ നിയമിക്കുന്നതിനായി പ്രധാനമന്ത്രിയും മന്ത്രിസഭയും രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഭരണകക്ഷി അറിയിച്ചിട്ടുണ്ട്” അഭയ്‌വര്‍ധന പ്രസ്താവനയില്‍ പറഞ്ഞു.225 അംഗ പാര്‍ലമെന്റില്‍ അംഗങ്ങളായവരില്‍ നിന്നും ജൂലൈ 19ന് നോമിനേഷനുകള്‍ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും ജൂലൈ 20ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന നടപടിയിലേക്ക് കടക്കുക.

വ്യാഴാഴ്ചക്കുള്ളില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും മന്ത്രിസഭയും സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടത്താനാണ് സമരക്കാരുടെ നീക്കം.അതേസമയം രാജ്യത്ത് ഗോതബയ രജപക്‌സെയുടെ വസതിയിലേക്ക് ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ ഇരച്ചുകയറിയത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു.ശനിയാഴ്ചയായിരുന്നു സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ രജപക്സെയുടെ സെന്‍ട്രല്‍ കൊളംബോയിലെ വസതിയിലേക്ക് ഇരച്ചുകയറിയത്. സുരക്ഷാ സേനകളുടെ എല്ലാ പ്രതിരോധവും മറികടന്ന് ബാരിക്കേഡുകള്‍ തകര്‍ത്താണ് പ്രക്ഷോഭകര്‍ ഗെയ്റ്റ് കടന്ന് വസതിയിലേക്ക് പ്രവേശിച്ചത്.

ഗോതബയയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിഷേധം.ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകര്‍ രജപക്‌സെ കഴിഞ്ഞിരുന്ന മുറികളിലടക്കം കടന്ന് സാധനങ്ങള്‍ തല്ലിതകര്‍ത്തിരുന്നു. ഇതിനിടെ പ്രക്ഷോഭകര്‍ വസതിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെയും നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.രജപക്സെയുടെ വസതിയില്‍ നിന്നും പ്രതിഷേധക്കാര്‍ ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതിയിലിരുന്ന് കറന്‍സി നോട്ടുകള്‍ എണ്ണുന്നതായ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.

കണ്ടുകെട്ടിയ തുക പ്രതിഷേധക്കാര്‍ സെക്യൂരിറ്റി യൂണിറ്റിന് കൈമാറുകയും ചെയ്തിരുന്നു.പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് റനില്‍ വിക്രമസിംഗെ നേരത്തെ രാജി വെച്ചിരുന്നു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടിയായിരുന്നു വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്.ഇദ്ദേഹത്തിന്റെ സ്വകാര്യ വസതിക്കും പ്രതിഷേധക്കാര്‍ തീകൊളുത്തിയിരുന്നു.നിലവില്‍ റനില്‍ വിക്രമസിംഗെയും ഗോതബയ രജപക്‌സെയും എവിടെയാണെന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Eng­lish Sum­ma­ry: Pres­i­den­tial elec­tion in Sri Lan­ka on July 20; Speak­er ready to form all-par­ty government

You may also like this video:

Exit mobile version