Site iconSite icon Janayugom Online

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ യോഗം ഇന്ന്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് പാർലമെന്റ് അനക്സിൽ ചേരും. എൻസിപി നേതാവ് ശരദ് പവാറിന്റെ അധ്യക്ഷതയിൽ 17 പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. കൂടുതൽ പാർട്ടികളെ പങ്കെടുപ്പിക്കാനുള്ള ശ്രമവും തുടരുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയായി ഗോപാൽകൃഷ്ണ ഗാന്ധി എത്തിയേക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞദിവസം അദ്ദേഹം മത്സരത്തിനില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി ആരാകുമെന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. 

ബിജെപിയും ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ജർമനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത് നരേന്ദ്രമോഡി തിരിച്ചെത്തിയ ശേഷം അടുത്ത ആഴ്ചയാകും എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. 26 നാണ് പ്രധാനമന്ത്രി മടങ്ങിയെത്തുക. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സമവായത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ബിജെപി പ്രസിഡന്റ് ജെ പി നഡ്ഢയും സഖ്യകക്ഷികളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച തുടരുകയാണ്. രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ രാംനാഥ് കോവിന്ദിനെ വീണ്ടും മത്സരി​പ്പിക്കാനും സാധ്യതയുണ്ട്. 

ജൂൺ 29 ആണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. ജൂലൈ 18 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ജൂലൈ 21 ന് നടക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അറിയിച്ചിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കും.

Eng­lish Summary:Presidential elec­tion; Oppo­si­tion meet­ing today
You may also like this video

Exit mobile version