Site icon Janayugom Online

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ; പ്രതിപക്ഷ യോഗം ഇന്ന്

rashtrapathybhavan

രാഷ്ട്രപതി തെര‌ഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആലോചനാ യോഗം ഇന്ന് രാഷ്ട്രതലസ്ഥാനത്ത് നടക്കും. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം ചേരുക.

പ്രതിപക്ഷ ആലോചനാ യോഗത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ പങ്കുചേരുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ജനയുഗത്തോട് പറഞ്ഞു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇന്നലെ കാലത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകുന്നേരം ഇരുവരും ഡിഎംകെ നേതാവ് ടി ആര്‍ ബാലു എംപിയുമായും കൂടിക്കാഴ്ച നടത്തി.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് യോഗത്തിന് മുന്‍കൈയെടുത്തിരിക്കുന്നത്. ഇടതുപാര്‍ട്ടികള്‍ക്ക് പുറമേ കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി, എന്‍സിപി, ടിആര്‍എസ് എന്നിവയടക്കം പ്രമുഖ പ്രതിപക്ഷപാര്‍ട്ടികളെല്ലാം യോഗത്തില്‍ പങ്കെടുക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആശയവിനിമയവും കൂടിക്കാഴ്ചകളും നടത്തിവരികയാണ്.

മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയ്റാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരായിക്കും കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുക. എന്‍സിപി നേതാവ് ശരത് പവാര്‍ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ശരത് പവാര്‍ ഇക്കാര്യം നിഷേധിച്ചു. യോഗത്തില്‍ ശരത് പവാര്‍ പങ്കെടുക്കും.

ജൂലൈ 24നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുക. ജൂലൈ 18നാണ് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനാവശ്യമായ വോട്ട് മൂല്യം എന്‍ഡിഎയ്ക്ക് ഇല്ലാത്തതിനാല്‍ ചെറുപാര്‍ട്ടികളുടെ സഹായം തേടേണ്ടതായി വരും. ഈ സാഹചര്യത്തില്‍ സര്‍വ സമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു ധാരണ.

Eng­lish Sum­ma­ry: Pres­i­den­tial elec­tion; Oppo­si­tion meet­ing today

You may like this video also

Exit mobile version