Site iconSite icon Janayugom Online

ഗോതമ്പ് കയറ്റുമതി നിരോധനം പിന്‍വലിക്കാന്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം

ആഗോള വിപണിയില്‍ ഗോതമ്പിന് റെക്കോഡ് വില രേഖപ്പെടുത്തിയതിന് പിന്നാലെ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം മുറുകുന്നു. ഗോതമ്പ് കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ജി 7 രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കാൻ സാധ്യതയുള്ള ജർമ്മനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ നിരോധനം പിൻവലിക്കാൻ അംഗരാജ്യങ്ങള്‍ ആവശ്യപ്പെടുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയുടെ തീരുമാനം ആഗോള ഭക്ഷ്യക്ഷാമം കൂടുതൽ വഷളാക്കുമെന്ന് ജി7 രാജ്യങ്ങളിലെ കൃഷി മന്ത്രിമാര്‍ ആശങ്കയറിയിച്ചിരുന്നു. റഷ്യ‑ഉക്രെയ്‍ന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാക്കുന്നതിനാൽ കയറ്റുമതി നിയന്ത്രിക്കരുതെന്ന് യുഎസും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎന്നിൽ നാളെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ആതിഥേയത്വം വഹിക്കുന്ന ആഗോള ഭക്ഷ്യസുരക്ഷാ യോഗത്തിൽ ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനം ചര്‍ച്ചയായേക്കും. എല്ലാവരും കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ വിപണികൾ അടയ്ക്കാനോ തുടങ്ങിയാൽ, അത് പ്രതിസന്ധിയെ കൂടുതൽ വഷളാക്കുമെന്ന് ജർമ്മനിയും ആശങ്കയറിയിച്ചിട്ടുണ്ട്.

ഉക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും, ഭാവിയിലെ ജി 20 അധ്യക്ഷൻ എന്ന നിലയിൽ ഇന്ത്യയ്ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സുപ്രധാന ഉത്തരവാദിത്തങ്ങളുണ്ടെന്നാണ് ജി 7 രാജ്യങ്ങളുടെ നിലപാട്. ജർമ്മനിയിൽ നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യയും ജി 7 രാജ്യങ്ങളും തമ്മിലുള്ള കൂടിയാലോചന തുടരും.

ഭക്ഷ്യസുരക്ഷ പ്രാഥമിക ചര്‍ച്ചാവിഷയമാകുെന്ന് പ്രതീക്ഷിക്കുന്ന, നാളെ ബെര്‍ലിനില്‍ നടക്കുന്ന ജി7 വികസന മന്ത്രിമാരുടെ യോഗത്തിൽ ഗോതമ്പ് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നേക്കും. നിരോധനം സംബന്ധിച്ച് യോഗം ഒരു നിർദ്ദേശം അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും പക്ഷേ ഇന്ത്യ ഇത് അംഗീകരിച്ചേക്കില്ലെന്നുമാണ് വിലയിരുത്തല്‍.

ഇതിനിടെ, ആഗോള ഗോതമ്പ് വില തിങ്കളാഴ്ച ആറ് ശതമാനമാണ് ഉയര്‍ന്നത്. ബെഞ്ച്മാർക്ക് യൂറോനെക്സ്റ്റ് മാർക്കറ്റിൽ വില ടണ്ണിന് 435 യൂറോ ആയി വര്‍ധിച്ചു. ഉക്രെയ്ന്‍— റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തീരുമാനം ഭക്ഷ്യപ്രതിസന്ധി കൂടുതല്‍ വഷളാക്കുമെന്നാണ് വിദഗ്‍ധര്‍ പറയുന്നത്. ആഗോള ഗോതമ്പ് ഇറക്കുമതിയില്‍ 30 ശതമാനം പങ്കും ഉക്രെയ്‍ന്റെയും റഷ്യയുടേയുമാണ്.

Eng­lish summary;Pressure on India to lift wheat export ban

You may also like this video;

Exit mobile version