കേരള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ റബ്ബര്‍ കാര്‍ഷിക മേഖല തകര്‍ക്കാന്‍ പര്യാപ്തമായ വിലനിയന്ത്രണം വരുന്നു. ചരിത്രത്തിലാദ്യമായി റബ്ബര്‍ ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റിന്റെ വില 247രൂപയായി ഉയര്‍ന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായതിനിടെയാണ് വിലനിയന്ത്രണത്തിന്റെ ഈ തിരിച്ചടി. പരമാവധി അടിസ്ഥാന വില നിയന്ത്രിക്കണമെന്ന നിര്‍ദേശം ചര്‍ച്ചചെയ്യാന്‍ റബ്ബര്‍ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനമെടുത്തുകഴിഞ്ഞു. കൂട്ടായ്മയില്‍ അംഗമായ ഇന്ത്യയുടെ റബ്ബര്‍ ബോര്‍ഡിന് വില നിയന്ത്രണത്തിനുള്ള തീരുമാനമെടുക്കാന്‍ കേന്ദ്രം പച്ചക്കൊടി കാട്ടി. വമ്പന്‍ കമ്പനികളും കൃത്രിമ റബ്ബര്‍ ഉല്പാദകരും ഇറക്കുമതിക്കാരുമടങ്ങുന്ന ലോബിയാണ് റബ്ബര്‍ ഉല്പാദക രാജ്യങ്ങളെ നിയന്ത്രിക്കുന്നത്. ഈ തീരുമാനം ഏറ്റവും കനത്ത ആഘാതമേല്പിക്കുന്നത് കേരളത്തിലെ റബ്ബര്‍ കര്‍ഷകരെയായിരിക്കും. കാരണം ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന റബ്ബറില്‍ 74ശതമാനവും കേരളത്തിന്റേതാണ്. 5.5ലക്ഷം ഹെക്ടറില്‍ റബ്ബര്‍ കൃഷിയുള്ള കേരളത്തിലെ കഴിഞ്ഞ വര്‍ഷത്തെ ഉല്പാദനം 5.19 ലക്ഷം ടണ്‍ ആയിരുന്നു. ഈ വര്‍ഷം അത് ആറു ലക്ഷം കടക്കുമെന്നാണ് കണക്കുകൂട്ടല്‍.
പ്രതിവര്‍ഷം ഏഴ് ശതമാനമാണ് സംസ്ഥാനത്തെ ഉല്പാദന വളര്‍ച്ച. താങ്ങുവിലപോലെ അടിസ്ഥാന വിലയും നിര്‍ണയിക്കണമെന്ന് റബ്ബര്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നതിനിടെ പരമാവധി വിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ റബ്ബര്‍ കര്‍ഷകരുടെ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ വിലയിലെ ചാഞ്ചാട്ടം നിയന്ത്രിക്കാന്‍ സ്വാഭാവിക റബ്ബറിന്റെ ഉല്പാദകരുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബ്ബര്‍ പ്രൊഡ്യൂസേഴ്സ് കഴിഞ്ഞ ദിവസം അംഗരാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാന്യമായ പരമാവധി വിലനിര്‍ണയത്തിനുള്ള സമിതിയും രൂപീകരിച്ചു. ഈ സമിതിക്കു ചുക്കാന്‍ പിടിക്കുന്നത് ലോകമെമ്പാടുമുള്ള 15,513 ടയര്‍ കമ്പനി ഉടമകളായ ബഹുരാഷ്ട്ര ഭീമന്മാരായതിനാല്‍ നിലവിലെ വിലയുടെ പകുതിപോലും പരമാവധി വിലയായി നിര്‍ണയിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
അന്താരാഷ്ട്രതലത്തില്‍ ഒരു തീരുമാനം ഉണ്ടാകുന്നതിനു മുമ്പുതന്നെ ലോകത്തെ ഏറ്റവും വലിയ റബ്ബര്‍ ഉല്പാദകരാഷ്ട്രമായ തായ്‌ലന്‍ഡ് എല്ലാ ഗ്രേഡ് റബ്ബറിനും അടിസ്ഥാന വിലയും പരമാവധി വിലയും നിര്‍ണയിച്ച് പ്രഖ്യാപിച്ചത് ബഹുരാഷ്ട്ര ടയര്‍ കുത്തകകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നയം രൂപീകരിക്കാന്‍ റബ്ബര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം ഈ മേഖലയിലുള്ളവരുടെ യോഗം വിളിച്ചിരുന്നു. പരമാവധി വിലയില്‍ നിയന്ത്രണം വേണമെന്ന നിര്‍ദേശം കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് റബ്ബര്‍ ഉല്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറി ബാബു ജോസഫ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ഉല്പന്നത്തിന് പരമാവധി വില ലഭ്യമാക്കുന്ന അവകാശം നിഷേധിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 2015ല്‍ കേരളം നടപ്പാക്കിയ വിലസ്ഥിരതാനയം ഇന്ത്യക്കാകെ മാതൃകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍ക്കാര്‍ അതിനുസരിച്ച് ഒരു അടിസ്ഥാന വില നിര്‍ണയിച്ചിട്ടുണ്ട്. വിപണിവില ഇതില്‍ താഴെയെങ്കില്‍ അടിസ്ഥാന വിലയുമായുള്ള വ്യത്യാസം താങ്ങുവിലയായി കര്‍ഷകനു നല്കുന്ന പദ്ധതി തുടരുകയാണ് വേണ്ടതെന്നും അഭിപ്രായമുണ്ട്.