Site iconSite icon Janayugom Online

മഴ കനത്തതോടെ മുല്ലപ്പൂവിന് പൊന്നിന്റെ വില

മഴയിൽ ലഭ്യത കുറഞ്ഞതോടെ മുല്ലപ്പൂവിന്റെ വിലയിലും വര്‍ധന. മുല്ലപ്പൂവിന് കിലോക്ക് 1100 രൂപയാണ് വിപണിയിൽ വില. ഒരു മുഴം മുല്ലപ്പൂവിനാകട്ടെ 50 രൂപയുമാണ് വില.

ആവശ്യക്കാർ കുറഞ്ഞിട്ടും മുല്ലപ്പൂവിന് വില കൂടി നിൽക്കുന്ന സ്ഥിതിയാണ്. ആഘോഷകാലത്താണ് മുല്ലപ്പൂവിന് സാധാരണ വില വർധിക്കുന്നത്. എന്നാൽ, ഇപ്പോൾ കല്യാണ സീസൺ അല്ലാതിരുന്നിട്ടുകൂടി മുല്ലപ്പൂവിന് വില വർദ്ധിച്ച സ്ഥിതിയാണ്. കേരളത്തിലേക്ക് പ്രധാനമായും മുല്ലപ്പൂവ് തമിഴ്‌നാട്ടിൽ നിന്നാണ് വരുന്നത്.

കമ്പം, തേനി, ശീലാംപെട്ടി എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂ എത്തുന്നത്. തമിഴ്‌നാട്ടിൽ ഒരു കിലോ പൂവ് കെട്ടുന്നതിന് 50 രൂപയാണ് കെട്ടു കൂലി ഈടാക്കുന്നത്.

തമിഴ്‌നാട്ടിൽ മഴയായതോടെ പൂവ് പൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ്. ഇത് മുല്ലപ്പൂവിന്റെ ലഭ്യതയും കുറയുന്നതിന് ഇടയാക്കി. ഇതോടെ സംസ്ഥാനത്തേക്കുള്ള മുല്ലപ്പൂവിന്റെ വരവ് കുറച്ചതും വില വർദ്ധനവിന് കാരണമായി വ്യാപാരികൾ പറയുന്നു. സാധാരണ ഉത്സവ, വിവാഹ, സീസണുകളിലാണ് മുല്ലപ്പൂവിന് ആവശ്യക്കാർ ഏറെ. ആ സമയത്ത് മുല്ലപ്പൂവ് വില 1000ന് മുകളിൽ പോകുന്നതും പതിവാണ്.

Eng­lish sum­ma­ry; price hike for jas­mine with heavy rains

You may also like this video;

Exit mobile version