എഡിഎം നവീന്‍ ബാബുവിനെ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം കോടതിയില്‍. പിപി ദിവ്യയും പരാതിക്കാരനായ സംരംഭകന്‍ പ്രശാന്തനും ഒരു കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ .ജോണ്‍ എസ് റാള്‍ഫ് കോടതിയില്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പ്രശാന്തന്‍ പരാതി നല്‍കിയത്. ആ പരാതി കെട്ടിച്ചമച്ചതാണെന്നും, അതില്‍ പേരുകളും പദവികളും തെറ്റായി നല്‍കിയെന്നും ഒപ്പുപോലും വ്യത്യസ്തമാണെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ഈ മാസം 29ന് വിധി പറയാന്‍ മാറ്റി.എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലെ ഒപ്പുകള്‍ തമ്മിലുള്ള വൈരുധ്യം കുടുംബം ചൂണ്ടിക്കാട്ടി. പെട്രോള്‍ പമ്പിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതുമായി പള്ളിവികാരിയുമായി ഉണ്ടാക്കിയ കരാറിന്റെ ഔദ്യോഗിക രേഖകളിലെ ഒപ്പും എന്‍ഒസിയില്‍ ഫയലുകളിലെ ഒപ്പും മുഖ്യമന്ത്രിക്ക് നല്‍കിയെന്ന പറയുന്ന പരാതികളിലെ ഒപ്പുകളും തമ്മില്‍ വ്യത്യാസമുണ്ട്. പരാതിയില്‍ പേരുകളും പദവികളും തെറ്റായാണ് നല്‍കിയത്.
നവീന്‍ബാബു കൈക്കൂലി വാങ്ങിയെങ്കില്‍ പരാതി നല്‍കേണ്ടത് ഔദ്യോഗിക വഴിയിലൂടെയായിരുന്നു. എന്നാല്‍ അത് ചെയ്യാതെവ്യക്തിഹത്യ ചെയ്യുകയാണ് പിപി ദിവ്യ ചെയ്തതെന്നു കുടുംബം കോടതിയില്‍ പറഞ്ഞു. പിപി ദിവ്യ ഉത്തരവാദിത്വപ്പെട്ട പദവിയിലിരിക്കുന്നയാളാണ്. ജില്ലയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനായ എഡിഎമ്മിനെതിരെ ഒരു പരാതി ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്. അവര്‍ക്ക് കലക്ടര്‍ക്ക് ഉള്‍പ്പടെ പരാതി നല്‍കാമായിരുന്നു. അല്ലെങ്കില്‍ സംരംഭകനെ കൊണ്ട് പരാതി നല്‍കിക്കാമായിരുന്നു. അതൊന്നും ഇവിടെ ഉണ്ടായിട്ടില്ല. നന്നായി പ്രവര്‍ത്തിച്ച ഒരു ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
നവീന്‍ ബാബുവിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനാണെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. യാത്രയപ്പ് യോഗത്തില്‍ അപമാനിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നടന്നത്. പോകുന്ന സ്ഥലത്തെല്ലാം അപമാനിക്കണം എന്ന് ഉദ്ദേശിച്ചാണ് പിപി ദിവ്യ അങ്ങനെ ചെയ്തത്. ഉപഹാരം സമ്മാനിക്കുന്ന സമയത്ത് എഴുന്നേറ്റ് പോയത് അപമാനകരമാണ്. വേദിയില്‍ തിരിച്ചുപറയാതിരുന്നത് നവീന്‍ ബാബുവിന്റെ മാന്യതയാണ്.
ഭരണഘടനാ ഉത്തരവാദിത്വം ഉള്ള എഡിഎമ്മിനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാം അറിയാമെന്നയാരുന്നു ദിവ്യയുടെ ഭീഷണി. പെട്രോള്‍ പമ്പ് അനുമതി ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്നതല്ല. പിന്നെ എന്തിനാണ് എഡിഎമ്മിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മരണഭയത്തെക്കാള്‍ വലുതാണ് അഭിമാനം. അതുകൊണ്ടാണ് നവീന്‍ ബാബു ജീവനൊടുക്കിയത്. ഒരു പരിഗണനയും പ്രതി അര്‍ഹിക്കുന്നില്ലെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിനായി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
Pride is bigger than fear of death: Lawyer appears in court for ADM Naveenbabu’s family