റഷ്യയില്‍ സായുധ കലാപ നീക്കം നടത്തിയ വാഗ്നര്‍ സംഘ നേതാവ് യെവ്‍ഗെനി പ്രിഗോഷിന്‍ കൊല്ലപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് യുഎസ് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍.
കലാപമുണ്ടായി അഞ്ചു ദിവസത്തിനു ശേഷം പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും പ്രിഗോഷിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ റഷ്യന്‍ ഭരണകൂടം സൃഷ്ടിച്ചതാണെന്നും ജനറല്‍ റോബര്‍ട്ട് അവകാശപ്പെട്ടു. പ്രിഗോഷിൻ ഇപ്പോഴും ഒളിവിലാണെന്ന പ്രതീതി ജനിപ്പിക്കാനാണ് കൂടിക്കാഴ്ച നടത്തിയെന്ന് പ്രചരിപ്പിച്ചതെന്നും റോബര്‍ട്ട് പറയുന്നു.
ഇനി ഒരിക്കലും പ്രിഗോഷിനെ പൊതുവേദിയില്‍ കാണില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിഗോഷിനെ രഹസ്യമായി എവിടെയെങ്കിലും താമസിപ്പിക്കുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യും. അല്ലെങ്കില്‍ മറ്റേതെങ്കിലും രീതയില്‍ പ്രതികരിച്ചിട്ടുണ്ടാകാം. എന്തായാലും ഇനി പ്രഗോഷിനെ കാണാനാകുമെന്നു കരുതുന്നില്ല. അയാള്‍ ജീവിച്ചിരിപ്പുണ്ടെന്നു വ്യക്തിപരമായി കരുതുന്നില്ല. ഉണ്ടെങ്കില്‍ തന്നെ ജയിലില്‍ ആയിരിക്കുമെന്നും റോബര്‍ട്ട് പറഞ്ഞു.
പ്രിഗോഷിനും പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും സര്‍ക്കാരിനോടുള്ള വിധേയത്വം പ്രിഗോഷിന്‍ അറിയിച്ചുവെന്നുമാണ് റഷ്യ പറഞ്ഞത്. ജൂണ്‍ 29ന് ക്രെംലിന്‍ കൊട്ടാരത്തില്‍ നടന്ന മൂന്ന് മണിക്കൂര്‍ യോഗത്തില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ യൂണിറ്റ് കമാന്‍ഡര്‍മാര്‍ അടക്കം 35 പേര്‍ പങ്കെടുത്തതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. എന്നാല്‍, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. വാഗ്നറുടെ കമാൻഡ് വിട്ടുകൊടുക്കാൻ പ്രിഗോഷിന്‍ വിസമ്മതിച്ചതായി പുടിന്‍ അറിയിച്ചിരുന്നു. കൊമ്മേഴ്‌സന്റിന് നൽകിയ അഭിമുഖത്തിലാണ് പുടിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വാഗ്നർ പോരാളികളുമായും പ്രിഗോഷിനുമായുള്ള കൂടിക്കാഴ്ചയിൽ, കലാപത്തിൽ ഉൾപ്പെട്ടിരുന്ന വാഗ്നർ കൂലിപ്പടയാളികൾക്ക് റഷ്യയിൽ സേവനം തുടരാനുള്ള അവസരം ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ട് വച്ചതായും പുടിന്‍ വെളിപ്പെടുത്തി.
ജൂണ്‍ 24നു തെക്കന്‍ റഷ്യന്‍ പട്ടണമായ റോസ്‌തോവ് പിടിച്ചെടുത്തു മോസ്‌കോയിലേക്കു നീങ്ങിയ കൂലിപ്പട്ടാളം രാജ്യത്ത് ആഭ്യന്തരയുദ്ധഭീഷണി ഉയര്‍ത്തിയിരുന്നു. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥചര്‍ച്ചയെത്തുടര്‍ന്നാണു പ്രിഗോഷിന്‍ പിന്‍വാങ്ങിയത്. കലാപനീക്കത്തിനു പിന്നാലെ പ്രിഗോഷിനെതിരെ റഷ്യ കേസെടുത്തിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. പ്രിഗോഷിന്‍ ബെലാറൂസിലെത്തിയെന്ന് സ്ഥിരീകരിച്ച ലുകാഷെങ്കോ, പിന്നീട് അദ്ദേഹം റഷ്യയിലെത്തിതായും അറിയിച്ചു.
english summary; Prigoshin was rumored to have been killed
you may also like this video;