സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിൽ ഗണപതിപൂജയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചിലരെ അസ്വസ്ഥരാക്കുകയാണെന്ന് മോഡി പറഞ്ഞു. സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരാണ് തന്റെ പൂജയെ എതിർക്കുന്നതെന്നും പ്രധാനമന്ത്രി ഒഡി ഷയിൽ നടന്ന യോഗത്തിൽ കുറ്റപ്പെടുത്തി.
എന്നാൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയിലെത്തി മോഡി നടത്തിയ പൂജ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തിരിച്ചടിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പൂജ നടന്നത്. ജുഡീഷ്യറിക്കും ഭരണകൂടത്തിനും ഇടയിൽ വേണ്ട അതിർവരമ്പ് മോഡി ലംഘിച്ചുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
ഗണേശ ചതുർത്ഥിയുടെ ഭാഗമായി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങുകൾക്കാണ് പ്രധാനമന്ത്രി എത്തിയത്. ചീഫ് ജസ്റ്റിസിനും ഭാര്യ കൽപനാ ദാസിനുമൊപ്പം പ്രധാനമന്ത്രി പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ അഭിഭാഷകരടക്കം കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു.