Site iconSite icon Janayugom Online

പായ് വഞ്ചിയിൽ ലോകം ചുറ്റിയ വനിതാ നാവികരായ ദിൽനയെയും രൂപയെയും ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് പ്രധാനമന്ത്രി

പായ് വഞ്ചിയില്‍ ലോകം ചുറ്റിയ ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർമാരായ കെ ദിൽന, എ രൂപ എന്നിവരുടെ സാഹസിക യാത്രയെ തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 126-ാമത് എപ്പിസോഡിൽ അഭിമാനപൂർവം പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 238 ദിവസം കൊണ്ട് ഭൂമിയെ വലംവെച്ച ഇവരുടെ അവിശ്വസനീയമായ നേട്ടം സ്ത്രീശാക്തീകരണത്തിന്റെ പുതിയ അധ്യായമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

മലയാളിയായ കെ ദിൽനയും തമിഴ്‌നാട് സ്വദേശിനിയായ എ രൂപയും ഐഎൻഎസ് വി തരിണി എന്ന പായ്‌വഞ്ചിയിൽ നടത്തിയ ഈ ലോകയാത്ര 2024 ഒക്‌ടോബർ രണ്ടിന് ഗോവയിൽ നിന്നാണ് ആരംഭിച്ചത്. ഈ വനിതാ നാവികരുടെ ധീരമായ യാത്ര നിരവധി സ്ത്രീകൾക്ക് പ്രചോദനവും മാതൃകയുമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൗത്യം പൂർത്തിയാക്കിയതിന്റെ വിശേഷങ്ങൾ ദിൽനയും രൂപയും പ്രധാനമന്ത്രിയുമായി പങ്കുവച്ചു. ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമായ പോയിന്റ് നെമോ കടന്നുപോയതുൾപ്പെടെ വെല്ലുവിളികൾ നിറഞ്ഞ അനുഭവങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട് ലക്ഷ്യം പൂർത്തിയാക്കിയ ഇവർ ഓരോ പൗരനും അഭിമാനമാണെന്ന് മോദി കൂട്ടിച്ചേർത്തു.

Exit mobile version