Site iconSite icon Janayugom Online

‘റിങ് മെട്രോ’ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു

രാജ്യത്തെ ആദ്യ ‘റിങ് മെട്രോ’ സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. പിങ്ക് ലൈനിലെയും മജന്ത ലൈനിലെയും പ്രധാന ഭാഗങ്ങളാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. മജിലിസ് പാർക്ക് — മൗജ്പൂർ — ബാബർപൂർ പാത ഉദ്ഘാടനം ചെയ്തതോടെ പിങ്ക് ലൈൻ ഒരു പൂർണ്ണ വൃത്തമായി മാറി.
പുതിയതായി കൂട്ടിച്ചേർത്ത 12.3 കിലോമീറ്റർ ഉൾപ്പെടെ പിങ്ക് ലൈനിന്റെ ആകെ നീളം 71.56 കിലോമീറ്ററായി. ഇതോടെ ഇത് ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയതുമായ റിങ് മെട്രോ പാതകളിൽ ഒന്നായി മാറി. യമുന നദിക്ക് കുറുകെയുള്ള പുതിയ മെട്രോ പാലവും റോഡ് ഫ്ലൈ ഓവറും മെട്രോ പാതയും ഒരേസമയം പോകുന്ന ‘ഡബിൾ ഡെക്കർ വയാഡക്റ്റും’ ഈ പാതയുടെ സവിശേഷതയാണ്. ബുറാഡി, ജരോഡ മജ്ര, ജഗത്പൂർ‑വസീറാബാദ്, സൂർഘട്ട്, സോണിയ വിഹാർ, ഖജൂരി ഖാസ്, ഭജൻപുര, യമുന വിഹാർ എന്നിങ്ങനെ 8 പുതിയ എലിവേറ്റഡ് സ്റ്റേഷനുകൾ ഈ പാതയിലുണ്ട്.
ദീപാലി ചൗക്ക് മുതൽ മജിലിസ് പാർക്ക് വരെയുള്ള 9.9 കിലോമീറ്റർ പാതയും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ഈ പാതയുടെ ചില ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 28.36 മീറ്റർ ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഡൽഹി മെട്രോ ശൃംഖലയിലെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ ഒന്നാണിത്. മധുബൻ ചൗക്ക്, പ്രശാന്ത് വിഹാർ, ഹൈദർപൂർ ബാദ്ലി മോർ, ഭൽസ്വ തുടങ്ങി ഏഴ് സ്റ്റേഷനുകൾ ഈ ഭാഗത്തുണ്ട്. മജിലിസ് പാർക്കിൽ വെച്ച് പിങ്ക് ലൈനുമായി ഈ പാത ബന്ധിക്കപ്പെടും. 

Exit mobile version