Site iconSite icon Janayugom Online

പ്രധാനമന്ത്രി പ്രധാന പൂജാരിയായി മാറി: ആനി രാജ

രാഷ്ട്രിയവും സാമ്പത്തിക ശാസ്ത്രവും കൂടിക്കുഴഞ്ഞു കിടക്കുന്നതാണ് രാജ്യത്തെ ദുരാചാരമെന്ന് ദേശിയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ പറഞ്ഞു. അനാചാരങ്ങൾക്കും ലഹരിക്കും എതിരെ കേരള മഹിള സംഘം സംഘടിപ്പിച്ച ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മഹിളാസംഘം സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി വസന്തം അധ്യക്ഷത വഹിച്ചു. ഭരണം സ്ഥാപിക്കാനും നിലനിർത്താനും അന്ധവിശ്വാസവും ദുരാചാരവും പ്രചരിപ്പിക്കപ്പെടുന്നു. സ്ത്രീകളെ പിശാചാക്കി ചിത്രീകരിച്ച് യക്ഷി വേട്ടക്കു വിധേയമാക്കി അവരുടെ സമ്പത്ത് തട്ടിയെടുക്കുന്ന രീതി രാജ്യത്തെ പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്നു. അന്ധവിശ്വാസങ്ങും ദുരാചാരങ്ങളും ഇല്ലാതാക്കാൻ ശാസ്ത്ര ചിന്തയും ശാസ്ത്ര ബോധവും വളർത്തണം. 

യുവ തലമുറയിൽ ശാസ്ത്രബോധം വളർത്തുന്നതിനുവേണ്ടിയുള്ള ശാസ്ത്രമേളക്ക് തുടക്കം കുറിക്കുന്നത് പാൽ കാച്ചിയാണ്. ഇതു പറ്റില്ലെന്ന് ഉറപ്പിച്ചു പറയാൻ സർക്കാർ തയ്യാറാകണം. റോക്കറ്റ് വിക്ഷേപിക്കുമ്പോഴും കപ്പൽ നീറ്റിലിറക്കുമ്പോഴും പൂജ നടത്തുന്നതും അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ്. പ്രധാന സേവക് എന്നു വിശേഷിപ്പിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രി പ്രധാന പൂജാരിയായി മാറിയിരിക്കയാണ്. മനുവാദം ജീവിതചര്യമാക്കിയ ഫാസിസ്റ്റുകൾ മനുഷ്യരെ അന്ധവിശ്വാസങ്ങളിലേക്കു തള്ളിവിടുകയാണ്. സ്ത്രീകളാണ് ഇവരുടെ പ്രധാന ഇര. ജീവിത പ്രാരാബ്ധങ്ങളാൽ വീർപ്പുമുട്ടുന്ന സ്ത്രീകളെ എളുപ്പം ദുരാചാരങ്ങൾക്ക് അടിമപ്പെടുത്താൻ കഴിയുമെന്ന് ഇവർ കരുതുന്നു. 

നമ്മുടെ ദൈവം അപകടത്തിലാണെന്ന് പറഞ്ഞാണ് ഇവർ സ്ത്രീകളെ സമീപിക്കുന്നത്. ഇതു വഴി അന്യമത വിദ്വേഷവും ലക്ഷ്യമിടുന്നു. ശാസ്ത്ര ബോധത്തെ പരിഹസിക്കും വിധമുള്ള ചിന്തകളാണ് കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ളവർ പ്രചരിപ്പിക്കുന്നത്. ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ പ്രശംസനീയ നേട്ടം കൈവരിച്ച സംസ്ഥാനത്തു പോലും അസുഖം ബാധിച്ചാൽ മന്ത്രവാദിയെ സമീപിക്കുന്നവരുണ്ട്. ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതായി കണ്ടതിനാലാണ് നരബലി പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. ഇത്തരം കാര്യങ്ങൾ ഉണ്ടാകുമ്പോൾ ഒറ്റപ്പെട്ടതായി കാണാതെ ശക്തമായ പ്രതികരണം ഉണ്ടാകണം. ആനി രാജ പറഞ്ഞു. റീന സുരേഷ് സ്വാഗതവും ടി ഭാരതി നന്ദിയും പറഞ്ഞു. 

Eng­lish Summary:Prime Min­is­ter turned high priest: Ani Raja
You may also like this video

Exit mobile version