Site icon Janayugom Online

സർക്കാർ വിരുദ്ധ സമരവുമായി പ്രധാനമന്ത്രിയുടെ സഹോദരൻ

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷൻ നടത്തിയ സമരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹോദരൻ പ്രഹ്ലാദ് മോഡിയും. ഫെഡറേഷൻ വൈസ് പ്രസിഡന്റായ പ്രഹ്ലാദ് ഇന്നലെ ജന്തർമന്തറിർ നടന്ന ധർണയിൽ പ്ലക്കാർഡുകളുമായി പങ്കെടുത്തു. 

ജീവിതച്ചെലവും കടകളുടെ പ്രവർത്തനച്ചെലവുകളും വർധിച്ച സാഹചര്യത്തിൽ കമ്മീഷൻ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വ്യാപാരികളുടെ നിലനിൽപ്പിന് വേണ്ടിയുള്ള ദീർഘകാല ആവശ്യങ്ങൾ പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം നൽകും. നിലവിലെ സാഹചര്യത്തിൽ കിലോയ്ക്ക് 20 പൈസ കമ്മീഷൻ വർധിപ്പിച്ചത് തമാശയാണെന്ന് പ്രഹ്ലാദ് മോഡി പറഞ്ഞു. സംഘടനയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരുമെന്നും അതിൽ ഭാവി നടപടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ ഇന്ന് കാണാൻ പദ്ധതിയുണ്ടെന്ന് സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി ബിശ്വംഭർ ബസു പറഞ്ഞു. അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ നഷ്ടത്തിന് തുല്യമായ തുക പകരം നൽകണമെന്നും ഭക്ഷ്യ എണ്ണ, പയറുവർഗങ്ങൾ എന്നിവ ന്യായവില കടകളിലൂടെ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബസു പറഞ്ഞു. 

Eng­lish Summary:Prime Min­is­ter’s broth­er with anti-gov­ern­ment strike
You may also like this video

Exit mobile version