ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റൈനുമായുള്ള ബന്ധം വിവാദമായതിനെ തുടർന്ന് ആൻഡ്രൂ രാജകുമാരൻ്റെ നാവിക സേനയിലെ പദവിയും നഷ്ടമാകും. ചാൾസ് രാജാവിൻ്റെ കടുത്ത നടപടിയിൽ നേരത്തെ ബ്രിട്ടീഷ് രാജകുടുംബത്തിലെ പദവികൾ ആൻഡ്രൂ രാജകുമാരന് നഷ്ടമായിരുന്നു. വൈസ് അഡ്മിറൽ എന്ന ഹോണററി പദവിയായിരുന്നു ആൻഡ്രൂ രാജകുമാരന് ബ്രിട്ടീഷ് നാവിക സേനയിലുണ്ടായിരുന്നത്. ഇത് റദ്ദാക്കുമെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹെലീ ഞായറാഴ്ച വ്യക്തമാക്കി.
2015ലാണ് ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്സർ രാജകുമാരന് ഹോണററി റാങ്കായി ഈ പദവി നൽകിയത്. 2022ൽ സൈനിക പദവികൾ നഷ്ടമായപ്പോഴും ആൻഡ്രൂ ഈ പദവി ഉപേക്ഷിച്ചിരുന്നില്ല. ഇതിന് ശേഷം ആൻഡ്രൂവിന് അവശേഷിച്ചിരുന്ന ഒരേയൊരു പദവിയായിരുന്നു ഹോണററി വൈസ് അഡ്മിറൽ സ്ഥാനം. സൈനിക മെഡലുകൾ തിരിച്ചെടുക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. 20 വർഷമാണ് ആൻഡ്രൂ രാജകുമാരൻ നാവിക സേനയിൽ ജോലി ചെയ്തത്. കൊട്ടാരത്തിൽ നിന്ന് പുറത്തായതോടെ ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്സർ എന്ന പേരിലാകും ആൻഡ്രൂ രാജകുമാരൻ ഇനി അറിയപ്പെടുക.

