Site icon Janayugom Online

ജാസി ഗിഫ്റ്റിനെ അപമാനിച്ച് പ്രിൻസിപ്പാൾ, പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി ; വേദിയിൽനിന്ന്‌ ഇറങ്ങിപ്പോയി ഗായകൻ

ജാസി ഗിഫ്റ്റിനെ വേദിയിൽ വെച്ച് കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലെ പ്രിൻസിപ്പാൾ അപമാനിച്ചതായി ആരോപണം. കോളജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ ഗായകന്റെ മൈക്ക് പ്രിൻസിപ്പാൾ പിടിച്ചുവാങ്ങിയെന്നാണ് ആരോപണം. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാൻ പുറത്തു നിന്ന് മറ്റൊരു പാട്ടുകാരൻ എത്തിച്ചിരുന്നു. എന്നാൽ ഉദ്ഘാടകൻ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്ന് പ്രിൻസിപ്പാൾ നിലപാടെടുക്കുകയും തുടർന്ന് മൈക്ക് പിടിച്ച് വാങ്ങുകയുമായിരുന്നു. ഇതോടെ പ്രിൻസിപ്പാളിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഗായകൻ വേദിയിൽ നിന്നും ഇറങ്ങിപ്പോയി.

അതേസമയം, പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് സംഭവത്തിൽ പ്രിൻസിപ്പാൾ പ്രതികരിച്ചത്. എന്നാൽ, പ്രിൻസിപ്പാളിന്‍റെ നടപടി വിഷമമുണ്ടാക്കിയെന്നാണ് ജാസി ഗിഫ്റ്റ് പറഞ്ഞു. ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുതെന്നും, പാട്ടുകാരനൊപ്പം കോറസ് പാടാൻ ആളുകളെത്തുന്നത് പതിവാണെന്നും ഗായകൻ പ്രതികരിച്ചു. കാലാകാരനെന്ന നിലയിൽ ഇത് അപമാനിക്കലാണെന്നും ജാസി ഗിഫ്റ്റ് കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Prin­ci­pal insults Jassie Gift
You may also like this video

Exit mobile version