Site iconSite icon Janayugom Online

ലക്ഷദ്വീപില്‍ റോഡരികിലെ തെങ്ങിലെ തേങ്ങയിടാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന ഉത്തരവിട്ട് ഡെപ്യൂട്ടി കളക്ടര്‍

ലക്ഷദ്വീപില്‍ റോഡരികിലുള്ള തെങ്ങിലെ തേങ്ങ പറിക്കുന്നതിന് 24മണിക്കൂര്‍ മുമ്പെ അനുമതി തേടണമെന്ന് ഉത്തരവ്. ആന്ത്രോത്ത് , കല്‍പേനി ദ്വീപുകള്‍ക്കാണ് ഉത്തവ് ബാധകം. ആന്ത്രോത്ത് ഡെപ്യൂട്ടി കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. റോഡിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു ഉത്തരവെന്നാണ് വിശദീകരണം.

നിശ്ചിത ഫോമിലാണ് അനുമതിക്കായി 24 മണിക്കൂര്‍ മുന്നേ എസ്എച്ച്ഒയ്ക്കും റോഡിന്റെ ചുമതലയുള്ള എഇക്കും അപേക്ഷ നല്‍കേണ്ടത്. ഇക്കാര്യത്തില്‍ നേരത്തേ വാക്കാല്‍ നിര്‍ദേശം നല്‍കിയെങ്കിലും പാലിക്കാതെ വന്നതിനാലാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും ഉത്തരവിലുണ്ട്. 

റോഡരികിലെ തെങ്ങിലെ തേങ്ങ ഇടുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിനടക്കം ഇടയാക്കുന്നത് കണക്കിലെടുത്താണ് ഉത്തരവ്. പൊതുശല്യമാകുന്നതിനെതിരേ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ വകുപ്പ് 152 പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചേ തെങ്ങില്‍ കയറാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. എസ്എച്ച്ഒയ്ക്കും എഇക്കുമാണ് ഉത്തരവ് നടപ്പാക്കാനുള്ള ഉത്തരവാദിത്വം. 

Exit mobile version