Site iconSite icon Janayugom Online

മുന്‍ഗണനാ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് 25 വരെ നീട്ടി

സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. മസ്റ്ററിങ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നൽകുമെന്നും അദ്ദേഹം അറിയിച്ചു. 

മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിങ് നടത്താനായി നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ചെങ്കിലും ധാരാളം ആളുകൾ മസ്റ്ററിങ് പൂർത്തിയാക്കാനുള്ളതിനാൽ സമയപരിധി ദീർഘിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ കെ വിജയൻ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. 

79.79 ശതമാനം മുൻഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷൻ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. മുൻഗണനാകാർഡിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും മസ്റ്ററിങ്ങിൽ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ ഈ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുമുണ്ട്.
പഠനാവശ്യാര്‍ത്ഥം മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്ക് അതത് സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളിൽ മസ്റ്ററിങ് നടത്താൻ കഴിയുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. ഇതിന് കഴിയാത്തവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ നാട്ടിലെത്തി മസ്റ്ററിങ് പൂർത്തിയാക്കാവുന്നതാണ്. മുൻഗണനാ കാർഡ് അംഗങ്ങളുടെ ഇ‑കെവൈസി മസ്റ്ററിങ് പൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ഒഴിവിലേക്ക് അർഹരായവരെ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version