Site iconSite icon Janayugom Online

43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ; വിതരണോദ്ഘാടനം ഇന്ന് മന്ത്രി ജി ആർ അനിൽ നിർവഹിക്കും

ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം, മാറി വരുന്ന സാമൂഹിക സാമ്പത്തിക ഘടകങ്ങൾക്കനുസരിച്ച്, ഏറ്റവും അർഹരായവരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ പുതുക്കിയ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട 43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിന്റെ വിതരണോദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. അഡ്വ. ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം നഗരസഭ കൗൺസിലർ ഹരികുമാർ സി, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഹിമ കെ, ജില്ലാ സപ്ലൈ ഓഫിസർ സിന്ധു കെ വി തുടങ്ങിയവർ പങ്കെടുക്കും. 

സമൃദ്ധിയുടെ പൊന്നോണം ഉറപ്പാക്കാൻ കേരള സർക്കാർ ഓണത്തോടനുബന്ധിച്ച് പ്രത്യേക ഭക്ഷ്യവിതരണ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ ഓണം സ്പെഷ്യൽ അരി വിതരണം ചെയ്യും. പിങ്ക് കാർഡ് വിഭാഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമെ അഞ്ച് കിലോഗ്രാം അരിയും നീല കാർഡ് വിഭാഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരിയും ലഭിക്കും. വെള്ള കാർഡ് വിഭാഗത്തിന് ആകെ 15 കിലോഗ്രാം അരി ലഭ്യമാകും. മഞ്ഞ കാർഡ് വിഭാഗത്തിന് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഒരു കിലോഗ്രാം പഞ്ചസാരയും നൽകും. എല്ലാ റേഷൻ കാർഡ് വിഭാഗങ്ങൾക്കും മണ്ണെണ്ണ വിതരണം ചെയ്യുമെന്നും മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. 

Exit mobile version